ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി; ഔദ്യോഗികമായി സ്ഥിരീകരിച്ചത്
കല്‍പ്പറ്റ | വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 402 ആയി ഉയര്‍ന്നു. എന്നാല്‍, 222 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ 180 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ എട്ട് എണ്ണം ഇന്നലെ സംസ്കരിച്ചു. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി 180 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന് അറിയിച്ചിരുന്നു. 189 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്കരിക്കാനാണ് ശ്രമം. വൈകിട്ട് മൂന്നിനാണ് സംസ്കാര നടപടികള്‍ തുടങ്ങുകയെന്നും മന്ത്രി അറിയിച്ചു.
ഇന്നത്തെ തിരച്ചിലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇന്നലെ ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറില്‍ മേപ്പാടിയിലെത്തിച്ചു. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് ബെയിലി പാലത്തിന് അപ്പുറത്ത് ഇന്ന് തിരച്ചില്‍ നടത്തുന്നത്.
തിരച്ചില്‍ പ്രക്രിയ ഘട്ടം ഘട്ടമായി സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം.