മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 387 ആയി, വയനാട്ടിൽ ഇന്ന് സ്കൂളുകൾ തുറക്കും
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. ദുരന്തത്തിനിരയായവരെ കണ്ടെത്താൻ ഏഴാം ദിവസവും അന്വേഷണം തുടരുകയാണ്. ഇനി 180 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായവർക്കായി മുണ്ടക്കൈയിലും ചൂരൽമലയിലും അന്വേഷണം ഇന്നും തുടരും. മൃതദേഹങ്ങൾക്കായി ചാലിയാർ പുഴയിലും ഇന്ന് വ്യാപകതിരച്ചിൽ നടത്തും.
ദുരന്തത്തിൽ മരണമടഞ്ഞവരിൽ ഇനിയും തിരിച്ചറിയാനാകാത്ത എട്ടുപേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിലാണ് ഇവർക്ക് അന്ത്യവിശ്രമമൊരുക്കിയത്. മറ്റുള്ളവരുടെ സംസ്കാരം ഇന്ന് നടത്തും. അതേസമയം മഹാദുരന്തത്തിന് ശേഷം വയനാട് ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് ഇന്ന് തുറക്കുക. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന നാല് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന് പുറമേ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി.
ഇന്നലെ നടത്തിയ ഐ ബോഡ് ഡ്രോൺ പരിശോധനയിൽ മനുഷ്യശരീര സാന്നിദ്ധ്യമുളള രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. സേന നിർമ്മിച്ച ബെയ്ലി പാലത്തിനു സമീപത്താണ് ഇവയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന മേജർ ഇന്ദ്രബാലൻ അറിയിച്ചു. ഇവിടെ ഇന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തും. ഐബോഡ് പരിശോധന ഇന്നും തുടരും.
ഇന്നലെ വൈകിട്ടുവരെ നടത്തിയ തെരച്ചിലിൽ പരപ്പൻപാറയിൽ നിന്നും നിലമ്പൂരിൽ നിന്നുമായി രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. നിലമ്പൂരിൽ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗങ്ങൾ ലഭിച്ചു. ചാലിയാർ പുഴയിൽ നിന്ന് മാത്രമായി എട്ട് മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങൾ തിരയാനായി 11 നായകൾക്കു പുറമെ നാലെണ്ണം കൂടി ഇന്നെത്തും.സൈനികരടക്കം 1382 പേരാണ് ദുരന്തഭൂമിയിൽ സേവനമനുഷ്ഠിക്കുന്നത്. പുറത്തുനിന്നുളള ഭക്ഷണസാധനങ്ങൾ ക്യാമ്പിന് അകത്തേക്ക് കടത്തില്ല. 136 കൗൺസിലർമാരാണ് ക്യാമ്പിൽ പ്രവർത്തിക്കുന്നത്. ക്യാമ്പിലെ കുട്ടികളുടെ ചിത്രങ്ങൾ എടുക്കാൻ പാടില്ലെന്നും തീരുമാനമുണ്ട്.