വൊർക്കാടിയിൽ കുന്നിൻ മുകളിലെ റോഡിൽ വിള്ളൽ; ജനങ്ങൾ ഭീതിയിൽ
കാസർകോട്: സംസ്ഥാന അതിർത്തിയായ വൊർക്കാടിയിൽ റോഡിൽ അഗാധ താഴ്ചയിൽ വൻ വിള്ളൽ രൂപപ്പെട്ടു.ശക്തമായി പെയ്യുന്ന മഴയെ തുടർന്നാണ് ഒരു ഫർലോംഗിലേറെ നീളത്തിൽ റോഡിന് കുറുകെയും സൈഡിലായുംവിളളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിയാന്നുമുതലാണ് വിള്ളൽ കണ്ടുതുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഉടൻതന്നെ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു. വില്ലേജ് ഓഫീസർ വന്നു വിള്ളൽ കണ്ടു ആകാശത്തുനോക്കി നെഞ്ചത്ത്കൈവച്ചശേഷം മടങ്ങിപ്പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പോകുന്നതിന് മുമ്പ് തഹസിൽദാർക്ക് വിവരംനൽകുമെന്ന ഉറപ്പും കൊടുത്തു. എന്നാൽ അതിന് ശേഷം രണ്ടുദിവസം കഴിഞ്ഞിട്ടും വില്ലേജ് ഓഫീസറെയോതഹസിൽദാറെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത്
ഭരണ സമിതി സ്ഥലം സന്ദർശിച്ചു. അടുത്തുള്ള രണ്ടുവീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശിക്കുകയുംചെയ്തു.വൊർക്കാടി പഞ്ചായത്ത് ഏഴാം വാർഡായ കജപദവിൽ ബജിലാടി ക്ഷേത്രത്തിനടുത്തേക്ക് പോകുന്ന റോഡിലാണ്വിള്ളൽ രൂക്ഷമായികൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. മലയിടിഞ്ഞാൽ താഴെയുള്ള വീട്ടുകാർക്കുംകൃഷിത്തോട്ടങ്ങൾക്കും വലിയ നാശമുണ്ടാവുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. അതിനിടെ കത്രകോടി എന്നസ്ഥലത്ത്നിർമാണത്തിലിരുന്ന വീടിന് മുകളിൽ കുന്നിടിഞ്ഞ് വീണതായും പരാതിയുണ്ട്.