പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷബീറിന്റെ മരണത്തിൽ ദുഃഖം അടക്കാനാവാതെ ചേരങ്കൈ
കാസർകോട്: മൊഗ്രാൽപുത്തൂർ എരിയാൽ ചേരങ്കൈ ഹൗസിലെ എൻ.എ ഖാലിദിൻ്റെ മകൻ സി.കെ മുഹമ്മദ് ഷബീറിൻ്റെ മരണം നാട്ടിൽ ശോകാന്തരീക്ഷം പകർന്നു. കാസർകോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച സന്ധ്യക്ക് കുളിക്കാൻ കുളിമുറിയിൽ കയറിയതായിരുന്നെന്നു പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്നു മാതാവും ബന്ധുക്കളും കുളിമുറിയുടെ വാതിൽ തുറന്നപ്പോഴാണ് ഷബീറിനെ മരിച്ചു കിടക്കുന്ന നിലയിൽ കാണപ്പെട്ടതെന്നു പറയുന്നു. ഉടൻ കാസർകോടു സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഷബീർ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരനായിരുന്നു. വളർത്തു മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും പരിപാലിക്കുകയായിരുന്നു പ്രധാന വിനോദം. ഫുട്ബോൾ കളിയിലും തൽപ്പരനായിരുന്നു. സി.കെ സഫിയയാണ് മാതാവ്. സി.കെ മുഹമ്മദ് സഹീർ, സി.കെ മുഹമ്മദ് ഷക്കീൽ സഹോദരങ്ങളാണ്. മൃതദേഹം ചേരങ്കൈ ജുമാമസ്ജിദിൽ ഖബറടക്കി.