ജയിക്കാന്‍ 1 റണ്‍ മാത്രം വേണ്ടപ്പോള്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്ത്; അര്‍ഷ്ദീപിനെതിരേ വിമര്‍ശനം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങിനെതിരേ കടുത്ത വിമര്‍ശനം. ഒരു വിക്കറ്റും 14 പന്തുകളും ബാക്കിനില്‍ക്കേ ജയിക്കാന്‍ ഒരു റണ്‍ മാത്രം വേണ്ടിയിരുന്ന ഘട്ടത്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായ താരത്തിന്റെ പ്രവൃത്തിയാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം.
മത്സരം ടൈയില്‍ കലാശിക്കുകയായിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച തുടക്കത്തിനു ശേഷം തകരുകയായിരുന്നു. ശ്രീലങ്കന്‍ നായകന് ചരിത് അസലങ്ക എറിഞ്ഞ 48-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടിയ ശിവം ദുബെ സ്കോര്‍ ഒപ്പമെത്തിച്ചിരുന്നു. തൊട്ടടുത്ത പന്തില്‍ ദുബെയ്ക്ക് പിഴച്ചു. താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്ത്. അമ്പയര്‍ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും റിവ്യു എടുത്ത ശ്രീലങ്ക തീരുമാനം തങ്ങള്‍ക്കനുകൂലമാക്കി.
തുടര്‍ന്ന് ഒരു വിക്കറ്റും 14 പന്തുകളും ബാക്കിനില്‍ക്കേ ജയിക്കാന്‍ ഒരു റണ്‍ മാത്രം വേണമെന്ന ഘട്ടത്തിലാണ് അവസാന വിക്കറ്റായി അര്‍ഷ്ദീപ് ക്രീസിലേക്കെത്തുന്നത്. ഒരു സിംഗിളിന് ശ്രമിക്കാന്‍ നോക്കുന്നതിന് പകരം വമ്പനടിക്ക് ശ്രമിച്ച താരത്തിനും പിഴച്ചു. വിക്കറ്റിന് മുന്നില്‍ കുടുങ്ങി അര്‍ഷ്ദീപും പുറത്ത്. ഡിആര്‍എസ് എടുത്തിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് അര്‍ഷ്ദീപിനെതിരേ വിമര്‍ശനം കടുത്തത്. വെറുമൊരു സിംഗിളിനായി ശ്രദ്ധിച്ച് ബാറ്റ് ചെയ്യേണ്ടതിന് പകരം സ്റ്റാറാകാന്‍ ശ്രമിക്കുകയായിരുന്നു യുവതാരമെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
സ്പിന്നര്‍മാര്‍ക്ക് പിന്തുണ നല്കിയ പിച്ചില്‍ അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മനസിലാക്കാന്‍ ഒരു ബൗളര്‍ക്ക് തന്നെ സാധിക്കാതെ പോയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.