കട്ടന്‍ചായ കുടിച്ചതോടെ ഛര്‍ദി; മംഗളൂരുവില്‍ ആലുവ സ്വദേശിയെ കൊള്ളയടിച്ചത് മലയാളി യുവാക്കൾ
ആലുവ: ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടില്‍ ഷിബുവിനെ (46) മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ കൊള്ളയടിച്ചതായി ആലുവ റൂറല്‍ എസ്.പി.ക്ക് പരാതി നല്കി. മലയാളികളായ യുവാക്കള്‍ കൊള്ളയടിച്ചശേഷം മര്‍ദിച്ച് സ്റ്റാന്‍ഡില്‍ തള്ളിയതായാണ് പരാതി.
രണ്ടുപവന്റെ മാല, ഒരു പവന്റെ കൈച്ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട്ട് വാച്ച്, 20,000 രൂപയും എ.ടി.എം.-പാന്‍ കാര്‍ഡുകളും സൂക്ഷിച്ചിരുന്ന പേഴ്സ് എന്നിവയാണ് നഷ്ടമായത്. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി മടങ്ങിവരുമ്പോള്‍ 28-ന് രാത്രി ഒന്‍പതോടെയാണ് സംഭവം.
ഒരുമണിക്ക് കോട്ടയം ബസ് ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡില്‍ വിശ്രമിക്കുമ്പോള്‍ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു. അവര്‍ വാങ്ങിനല്‍കിയ കട്ടന്‍ചായ കുടിച്ചു. തുടര്‍ന്ന് ഛര്‍ദി അനുഭവപ്പെട്ടു.
ഈ സമയം അവര്‍ നല്കിയ പാനീയം കഴിച്ചപ്പോള്‍ അബോധാവസ്ഥയിലായി. ഇടയ്ക്ക് ഓര്‍മ്മവരുമ്പോള്‍ ഒരു കെട്ടിടത്തിലായിരുന്നു. ഇതിനിടയിലാണ് മര്‍ദിച്ചത്. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്.
29-ന് പുലര്‍ച്ചെ അടിവസ്ത്രം മാത്രം ധരിച്ചനിലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയില്‍ കടയുടമയും മര്‍ദിച്ചു. അതുവഴിവന്ന ഒരു യുവാവ് ട്രാക്ക് സ്യൂട്ടും 300 രൂപയും നല്കി.
തുടര്‍ന്ന് മംഗലാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്തദിവസം തീവണ്ടിമാര്‍ഗം നാട്ടിലേക്ക് മടങ്ങിയെത്തി. വെള്ളിയാഴ്ചയാണ് ആലുവ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയത്.