പണം കൊള്ളയടിക്കാനായി തട്ടിക്കൊണ്ടുപോയി, ബന്ദിയാക്കി മർദ്ദിച്ച് കൊന്ന് വഴിയിൽ ഉപേക്ഷിച്ചു; കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ തൃശൂർ സ്വദേശിക്കും നാല് സൗദി പൗരർക്കും സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി
ദോഹ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ തൃശൂർ സ്വദേശിക്കും നാല് സൗദി പൗരർക്കും സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. തൃശ്ശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് ശിക്ഷ നടപ്പാക്കിയത്. 2016 ജൂലായ് ആറിനാണു കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊടുവള്ളി വേലാട്ടു കുഴിയിൽ അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട സമീർ. മലയാളികൾ ഉൾപ്പെടുന്ന സംഘമായിരുന്നു കൊലപാതകം നടത്തിയത്. ഈദുൽ ഫിത്തർ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം സമീർ കൊല്ലപ്പെട്ടത്. ശരീരത്തിൽ മുറിപ്പാടുകൾ കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചു. പണം കൊള്ളയടിക്കാനായി സൗദി യുവാക്കൾ സമീറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്ന് ദിവസം ബന്ദിയാക്കി മർദിച്ചതോടെ മരണപ്പെട്ടു. പിന്നീട് സമീറിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ചു. കൊലപാതകികൾക്ക് മാപ്പു നൽകാൻ കൊല്ലപ്പെട്ട സമീറിൻ്റെ കുടുംബം തയ്യാറാകാത്തതിനെത്തുടർന്നാണ് നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയത്