ദോഷ പരിഹാരത്തിനു എത്തിയ യുവതിയുടെ കൈരേഖ നോക്കി; പിന്നെ മന്ത്രിച്ചൂതിയ ചെറുനാരങ്ങ നൽകി, തുടർന്ന് ബലാത്സംഗം, പൂജാരി അറസ്റ്റിൽ
മംഗ്ളൂരു: ദോഷ പരിഹാരത്തിനു സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റിൽ. ഹാസൻ, അരസിക്കരയിലെ പുരാതന ക്ഷേത്രമായ പുരതമ്മക്ഷേത്രത്തിലെ പൂജാരി ദയാനന്ദ (39)യെയാണ് ബംഗ്ളൂരു ബഗള ഗുണ്ടയിലെ ഒളിത്താവളത്തിൽ നിന്നു പൊലീസ് അറസ്റ്റു ചെയ്തത്.
ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾക്കു പുറമെ കൈനോട്ടം, മാരണം നീക്കൽ തുടങ്ങിയവയും ദയാനന്ദ നടത്തി വരാറുണ്ടെന്നു പൊലീസ് പറഞ്ഞു. വിദൂര ദിക്കുകളിൽ നിന്നു പോലും സ്ത്രീകളടക്കമുള്ള നൂറു കണക്കിനു പേർ ദയാനന്ദയെ തേടിയെത്താറുണ്ട്. അത്തരത്തിൽ എത്തിയ ഒരു യുവതിയാണ് പീഡനത്തിനു ഇരയായത്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾക്കു പരിഹാരം തേടിയാണ് യുവതി ദയാനന്ദയെ തേടിയെത്തിയത്. ആദ്യം കണ്ടപ്പോൾ കൈരേഖ നോക്കി പ്രശ്നപരിഹാരം നിർദ്ദേശിച്ചു. രണ്ടാമത് എത്തിയപ്പോൾ പതിനായിരം രൂപ കൈപ്പറ്റിയ ശേഷം മന്ത്രിച്ചുതിയതെന്നു പറഞ്ഞ് ഒരു ചെറുനാരങ്ങ നൽകി. ഇത് കിടക്കുമ്പോൾ തലയുടെ അടിയിൽ വയ്ക്കണമെന്നു ഉപദേശവും നൽകി. പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് യുവതി മൂന്നാം തവണയും എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്തതെന്നു അവർ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. കേസെടുത്തതോടെയാണ് ദയാനന്ദ ഒളിവിൽ പോയതെന്നു പൊലീസ് പറഞ്ഞു.