അഞ്ച് വയസുകാരൻ സ്കൂളിലെത്തിയത് തോക്കുമായി; ലക്ഷ്യമിട്ടത് മൂന്നാം ക്ലാസുകാരനെ
സുപൗൾ: സ്കൂളിൽ തോക്കുമായെത്തി അഞ്ചുവയസുകാരൻ മറ്റൊരു വിദ്യാർത്ഥിതിക്ക് നേരെ വെടിയുതിർത്തു. ബീഹാറിലെ സുപൗൾ ജില്ലയിലെ സെന്റ് ജോൺ ബോർഡിംഗ് സ്കൂളിലാണ് സംഭവം നടന്നത്.
ബാഗിൽ ഒളിപ്പിച്ച തോക്കുമായാണ് നഴ്സറി വിദ്യാർത്ഥിയായ അഞ്ചുവയസുകാരൻ സ്കൂളിലെത്തിയത്. ശേഷം 10വയസുള്ള മറ്റൊരു വിദ്യാർത്ഥിതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ലാസിലേക്ക് പോകുന്ന വഴി അഞ്ചുവയസുകാരൻ വെടിയുതിർക്കുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ചപ്പോൾ കെെയിൽ വെടി കൊണ്ടെന്നും ചികിത്സയിൽ കഴിയുന്ന കുട്ടി പൊലീസിന് മൊഴി നൽകി.അഞ്ചുവയസുകാരനുമായി തർക്കമുണ്ടായിട്ടില്ലെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. വെടിവച്ചതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വെടിയുതിർത്ത വിദ്യാർത്ഥിയ്ക്കും പിതാവിനും വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇത്രയും വലിയ അനാസ്ഥ എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ചോദ്യം ചെയ്തുവരികയാണ്. വിദ്യാർത്ഥികളുടെ ബാഗുകൾ കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലയിലെ സ്കൂളുകളോട് ആവശ്യപ്പെടുമെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് അറിയിച്ചു.