ഉപതെരഞ്ഞെടുപ്പ്: കാസർകോട്ടെ മൂന്നു വാർഡുകളും ലീഗ് തൂത്തുവാരി; മൊഗ്രാൽപുത്തൂരിൽ എസ്.ഡി.പി.ഐയുടെ ആധിപത്യം തകർന്നു
കാസർകോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ മൂന്നു വാർഡുകളും മുസ്ലിം ലീഗ് തൂത്തുവാരി.
കാസർകോട് നഗരസഭയിലെ 24-ാം വാർഡായ ഖാസിലൈനിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എം ഹനീഫ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹനീഫക്ക് 447 വോട്ടും ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.എം ഉമൈറിനു 128 വോട്ടും ബി.ജെ.പിയിലെ മണിക്ക് ഒരു വോട്ടും ലഭിച്ചു. വി.എം മുനീർ നഗരസഭാ ചെയർമാൻ സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു.കല്ലങ്കൈ വാർഡ് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ധർമ്മപാൽ ദാരില്ലത്ത് 701 വോട്ടു നേടി 105 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. എസ്ഡിപിഐയിലെ പത്മനാഭ കല്ലങ്കൈയെ ആണ് പരാജയപ്പെടുത്തിയത്. പത്മനാഭയ്ക്ക് 606വോട്ടു ലഭിച്ചു. സിപിഎം സ്ഥാനാർത്ഥി കെ.ബി ഗുരുപ്രസാദിനു 13 വോട്ടും ബിജെപിയിലെ വിജയകുമാറിന് 172 വോട്ടും ലഭിച്ചു.
കോട്ടക്കുന്ന് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി അസ്മിന ഷാഫി 563 വോട്ടു നേടി വിജയിച്ചു. എസ്ഡിപിഐ സ്ഥാനാർത്ഥി ആയിഷത്ത് സഫ്രാബീവി 62 വോട്ടും ബിജെപിയുടെ കെ.എസ് സംഗീത 396 വോട്ടും സിപിഎം സ്ഥാനാർത്ഥി ബേബി ബാബുരാജിന് 30 വോട്ടും ലഭിച്ചു. കോട്ടക്കുന്ന് വാർഡിൽ മുസ്ലിം ലീഗ് സ്വതന്ത്ര അംഗം ഡി. പുഷ്പയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.കല്ലങ്കൈ വാർഡിൽ എസ്.ഡി.പി.ഐ അംഗം ദീക്ഷിത് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.