ന്യൂദൽഹി: ദില്ലിയിൽ പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവെച്ചയാള്‍ അറസ്റ്റിൽ. മുഹമ്മദ് ഷാരൂഖ് എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്.
ഫെബ്രുവരി 24നാണ് നോർത്ത് ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിൽ മുഹമ്മദ് ഷാരൂഖ് പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ നിറയൊഴിച്ചത്. ഇയാൾ പൊലീസിന് നേരെ തോക്ക് ചുണ്ടുകയും സമരക്കാർക്ക് നേരെ വെടി ഉതിർക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തോക്കുചൂണ്ടി വന്ന അക്രമി സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി ‘സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും’ എന്ന ഭീഷണി മുഴക്കി. പറഞ്ഞു കഴിഞ്ഞ് അയാൾ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, കലാപത്തിലെ പൊലീസ് വീഴ്ച പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. പാര്‍ലമെന്റിലെത്തിയായിരുന്നു കെജ്രിവാള് പ്രധാനമന്ത്രിയെ കണ്ടത്. അതിനിടെ ,കലാപ ബാധിത മേഖലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് വടക്കുകിഴക്കന്‍ ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കലാപം ഏറ്റവും അധികം ബാധിച്ച യമുനാ വിഹാര്‍, മുസ്തഫാബാദ്, ഗോകുല്‍ പുരി മേഖലയിലാണ് നാശ നഷ്ടങ്ങളിലധികവും. ഈ ആഴ്ച അവസാനത്തോടെ കണക്കെടുപ്പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.