കൽപ്പറ്റ: മുണ്ടക്കൈ മേപ്പാടിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി. നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കും. 800ഓളം പേരെ ഇന്ന് രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിൽ ഇതുവരെ 126 പേർ മരിച്ചതായാണ് വിവരം. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ മലയിടിച്ചിൽ ദുരന്തമാണ് ഇന്ന് വയനാട്ടിലുണ്ടായത്.
വിവിധ ആശുപത്രികളിലായി 196 പേരാണ് ചികിത്സയിലുള്ളത്. രക്ഷാപ്രവർത്തനത്തിനായി ചൂരൽമലയിൽ നിന്നും മേപ്പാടിയിലേക്ക് താൽക്കാലിക പാലം നിർമ്മിച്ചു, രാത്രിയായതോടെ മഴയും മൂടൽമഞ്ഞും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തി. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങും. കാണാതായവർക്കായി ചുരൽമല മുതൽ പോത്തുകൽ വരെ പുഴയിലും അന്വേഷണം നടത്തും. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വി.ടി മാത്യു വയനാട്ടിലേക്ക് നാളെരാവിലെ തിരിക്കും. ഉന്നത സൈനികോദ്യോഗസ്ഥർ വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ടേറ്റെടുക്കും.
നാളെ മദ്രാസ്മറാത്ത റെജിമെന്റിലെ 140 പേർ ദുരന്തഭൂമിയിലെത്തും. 330 അടി ഉയരമുള്ള താൽക്കാലിക പാലം നാളെ നിർമ്മിക്കും. ബംഗളൂരുവിൽ നിന്ന് ഇതിന്റെ ഭാഗങ്ങൾ പുലർച്ചെ എത്തിക്കും. ആർമി എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ 70 വിദഗ്ദ്ധർ ഇതിനായി എത്തും. ഡൽഹിയിൽ നിന്ന് മൂന്ന് സ്നിഫർ ഡോഗുകളെ എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താൻ വൈഭവമുള്ളവയാണ് ഇവ.