ദമാം: വായ്പയെടുത്ത് നിര്‍മിച്ചതാണ് വയനാട് മുണ്ടക്കൈക്കടുത്ത് പുഞ്ചിരിവട്ടത്തെ ജിഷ്ണു രാജന്റെ നാട്ടിലെ വീട്. ഉരുള്‍പ്പൊട്ടിയ രാത്രിയില്‍ ഈ വീട് ഒലിച്ചുപോയി. വീട്ടിലെ തന്റെ പ്രിയപ്പെട്ട ഏഴ്പേരെക്കുറിച്ച് ഒരു വിവരവുമില്ല. ആറ് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയ ജിഷ്ണു വീട്ടിലെ എല്ലാവരേയും മാറിമാറി വിളിച്ചു. കിട്ടാതായപ്പോള്‍ അയല്‍ക്കാരേയും പരിചയക്കാരേയും വിളിച്ചു. എന്നാല്‍ പരിധിക്ക് പുറത്താണ് സ്വിച്ച് ഓഫ് ആണ് തുടങ്ങിയ സന്ദേശങ്ങള്‍ മാത്രമാണ് മറുതലയ്ക്കല്‍ നിന്ന് ലഭിച്ചത്.
ആരെങ്കിലും ഒന്ന് ഫോണെടുത്തിരുന്നുവെങ്കില് അല്ലെങ്കില്‍ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കില്‍ എന്ന് നെഞ്ച് പൊട്ടി ആഗ്രഹിക്കുകയാണ് അല്ഹസിയിലുള്ള പ്രവാസി മലയാളി. പിതാവ് രാജന്, അമ്മ മരുതായ്, മൂത്ത സഹോദരന് ജിനു(27), ജിഷ്ണുവിന്റെ ഇളയവരായ ഷിജു (25), ജിബിന്‍(18) സഹോദരി ആന്‍ഡ്രിയ(16), ജിനുവിന്റെ ഭാര്യ പ്രിയങ്ക (25), മുത്തശ്ശി നാഗമ്മ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.
നാട്ടില്‍ കനത്ത മഴയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശമുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ജിഷ്ണു ആശങ്കയിലായിരുന്നു. തൊഴിലിടത്തിലും താമസസ്ഥലത്തുമെല്ലാം ഇത് തന്നെയായിരുന്നു 26കാരനായ യുവാവിന്റെ അവസ്ഥ. രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അനുഭവമുള്ളതാണ് ജിഷ്ണുവിന് സ്വന്തം കുടുംബത്തെ കുറിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നത്. അന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. എങ്കിലും ജിഷ്ണുവും കൂടുംബവും വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഉരുള്‍പ്പൊട്ടലിന്റെ വാര്‍ത്ത വന്നതോടെ ജിഷ്ണുവിന്റെ ആശങ്കയും കൂടി. നാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി അറിയുകയും മരണസംഖ്യയും കാണാതായവരുടെ എണ്ണവുമൊക്കെ കേട്ടപ്പോള്‍ തന്നെ തകര്‍ന്ന് പോയ ജിഷ്ണുവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രവാസികളായ സുഹൃത്തുക്കള്‍. രണ്ട് വര്‍ഷം മുമ്പുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് ഭാഗികമായി തകര്‍ന്നിരുന്നു. പിന്നീട് സര്‍ക്കാര്‍ സഹായത്തിലും വായ്പയെടുത്തുമൊക്കെയാണ് വീട് പുനര്‍നിര്‍മിച്ചത്. ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ജിഷ്ണു.