പല്ലെക്കെലെ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് റണ്ണൊന്നും നേടാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ താരം ഇത്തവണ നാല് പന്തുകള്‍ നേരിട്ടാണ് പുറത്തായത്. ചാമിന്ദു വിക്രമസിംഗെയുടെ പന്തില്‍ വാണിന്ദു ഹസരംഗയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്.
രണ്ടാം മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ എത്തിയ സഞ്ജുവിനെ ഇന്ന് മൂന്നാം നമ്പറിലാണ് ബാറ്റിംഗിന് ഇറക്കിയത്. സിംബാബ്വെ പര്യടനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ താരം ശ്രീലങ്കന്‍ പര്യടനത്തില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കളിച്ച അവസാന ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.
ഏകദിന ടീമിന്റെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായ സാഹചര്യത്തില്‍ ഇനി മലയാളി താരത്തെ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കാണാന്‍ ഏറെനാള്‍ കാത്തിരിക്കണം. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന നാല് മത്സര പരമ്പരയിലാണ് ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ഇന്ത്യ ടി20 ക്രിക്കറ്റ് കളിക്കുക. ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് മത്സരങ്ങളിലും ഡക്കായ താരത്തിന് ഈ പരമ്പരയില്‍ അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതേസമയം പല്ലെക്കെലയില് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു. യശ്വസി ജയ്സ്വാള്‍ 10(9), സഞ്ജു സാംസണ് 0(4), റിങ്കു സിംഗ് 1(2), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 8(9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ തോല്‍വി വഴങ്ങിയാലും മത്സരഫലം പ്രസക്തമല്ല.