വയനാട്: കനത്ത മണ്ണിടിച്ചിൽ തീവ്ര നാശനഷ്ടം വരുത്തിയ മേപ്പാടിയിലെ ദുരന്ത ബാധിത മേഖലയിലെ ഏഴ് ട്രാൻസ്ഫോർമർ (ഏകദേശം 1400 ഉപഭോക്താക്കൾ) ഒഴികെ ബാക്കി എല്ലായിടങ്ങളിലും വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ചതായി വൈദ്യുതി വകുപ്പ് അറിയിച്ചു.
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എകദേശം മൂന്ന് കിലോമീറ്റർ ഹൈ ടെൻഷൻ ലൈനുകളും, എട്ട് കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. രണ്ട് ട്രാൻസ്ഫോർമർ ഒലിച്ചു പോയി, മൂന്ന് ട്രാൻസ്ഫോർമറുകൾ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ ലൈനുകൾക്ക് സാരമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. 350 ഓളം വീടുകളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്.
ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ കെഎസ്ഇബിയ്ക്ക് സാധിച്ചിട്ടില്ല. എന്നാൽ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കി കഴിഞ്ഞതായി വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നു.