ജസ്പ്രീതിന്റെ മരണം:ക്യാമ്പസുകളെ തടവറയാക്കൻ അനുവദിക്കില്ല സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ മാര്‍ച്ച്..ജലപീരങ്കി പ്രയോഗിച്ച് പോലീസ് ,
കോഴിക്കോട് :ഹാജർ കുറവായതിന്റെ പേരിൽ പരീക്ഷയെഴുതാൻ കഴിയാതെ വിദ്യാർഥി ആത്മഹത്യചെയ്ത സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം. സർവകലാശാലാ തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലബാർ ക്രിസ്ത്യൻ കോളേജിലേക്ക് മാർച്ച് നടത്തി. നൂറുകണക്കിന് വിദ്യാർഥികൾ അണിചേർന്നു. കോളേജ് ഗേറ്റിന് മുന്നിൽ ബാരിക്കേഡുയർത്തി പൊലീസ് മാർച്ച് തടഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇന്റേണൽ മാർക്കിന്റെയും ഹാജരിന്റെയും പേരിൽ വിദ്യാർഥികളെ പീഡിപ്പിക്കുന്നത് സ്വാശ്രയ–-എയ്ഡഡ് കോളേജുകളിൽ വ്യാപകമാവുകയാണെന്നും ക്യാമ്പസ്സുകളെ കോൺസൺട്രേഷൻ ക്യാമ്പുകളാക്കി മാറ്റാൻ അനുവദിക്കില്ലെന്നും സച്ചിൻദേവ് പറഞ്ഞു. സർവകലാശാല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർഥ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിനാൻ ഉമ്മർ, സരോദ് ചങ്ങാടത്ത്, അലൈഡ ഗിരീഷ് എന്നിവർ സംസാരിച്ചു. ടി അതുൽ സ്വാഗതം പറഞ്ഞു. ജസ്പ്രീതിന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെഎസ്യു നേതൃത്വത്തിൽ പ്രിൻസിപ്പലിനെയും മാനേജരെയും ഉപരോധിച്ചു.
അതിനിടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ്ങിന്റെ മരണത്തില്‍ സര്‍വകലാശാലാ അന്വേഷണം വേണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പരീക്ഷയെഴുതാന്‍ മതിയായ ഹാജരില്ല എന്ന പേരില്‍ ജസ്പ്രീത് സെമസ്റ്റര്‍ ഔട്ട് ആയിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യചെയ്തത്. ഇതുവരെയുള്ള പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയാണ് ജസ്പ്രീത് സിങ്.ഹാജര്‍ സംവിധാനത്തിലെ സാങ്കേതിക കാരണം പറഞ്ഞ് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും അവരുടെ ഭാവി ആശങ്കയിലാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.