മധൂർ പഞ്ചായത്തിൽ ജീവനക്കാരൻ നടത്തിയ എട്ടരലക്ഷം തിരിമറിക്ക് പ്രസിഡണ്ട് രാജിവെച്ചോ?: മുസ്ലിം ലീഗ്
കാസർകോട്: കുമ്പള പഞ്ചായത്തിൽ ജീവനക്കാരൻ ലക്ഷക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതിനു പഞ്ചായത്തു പ്രസിഡണ്ട് രാജിവക്കണമെന്നു പറയുന്ന ബിജെപിക്കാർ അവർ ഭരിക്കുന്ന മധൂർ പഞ്ചായത്തിലെ ജീവനക്കാരൻ എട്ടരലക്ഷം തിരിമറി നടത്തിയപ്പോൾ പ്രസിഡണ്ടിനെ കൊണ്ടു രാജി വയ്പിച്ചോ എന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആരാഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്പളയിലടക്കം ഉണ്ടായ വോട്ടു ചോർച്ചയുടെ ജാള്യത മറയ്ക്കാനാണു കുമ്പളയിൽ അവർ ശ്രമിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, ബി.എൻ മുഹമ്മദലി, യൂസഫ് ഉളുവാർ, ഗഫൂർ എരിയാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുമ്പള പഞ്ചായത്ത് ഫണ്ടിൽ നിന്നു പണം അടിച്ചു മാറ്റിയ അക്കൗണ്ടിനെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. അക്കൗണ്ടൻ്റ് ബി.ജെ.പിക്കാരുടെ ഉറ്റ ചങ്ങാതിയായിരുന്നുവെന്നു ലീഗ് നേതാക്കന്മാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പല പഞ്ചായത്തിലും ഉദ്യോഗസ്ഥ അഴിമതി നടക്കുന്നുണ്ടെന്നും അതിനെല്ലാം പഞ്ചായത്ത് പ്രസിഡണ്ടുമാർ രാജി വച്ചാൽ കേരളത്തിലെ പഞ്ചായത്തുകളുടെ അവസ്ഥയെന്താകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.