വയനാട് ദുരന്തഭൂമിയിലേക്ക് മായയും മർഫിയും; പൊലീസ് നായ്ക്കൾ ഉച്ചയോടെ എത്തും
വയനാട്: വയനാട് ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്.
നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കെെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായയും മർഫിയും പരീശീലനം നേടിയത്. ഊർജ്ജ്വസ്വലതയിലും ബുദ്ധികൂർമതയിലും വളരെ മുന്നിലാണ് ബൽജിയൻ മലിന്വ നായ്ക്കൾ. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും.
മുൻപ് പെട്ടിമുടിയിലെ ദുരന്തത്തിൽ എട്ടു മൃതദേഹങ്ങൾ മായ മണ്ണിനടിയിൽ നിന്ന് കണ്ടെത്തയിരുന്നു. വെറും മുന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ അന്നത്തെ ദൗത്യത്തിന് ഇറങ്ങിയത്. കൊക്കിയാറിലെ ഇരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്താൻ മായയോടൊപ്പം മർഫിയും ഉണ്ടായിരുന്നു.
വളരെ ഭയാനകമായ ദുരന്തമാണ് വയനാട് ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതുകൊണ്ട് പൊലീസ് നായ്ക്കളുടെ സഹായം ആവശ്യമാണ്. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ഈ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായും ഒലിച്ച് പോയി. വയനാട് ദുരന്തത്തിൽ മരണസംഖ്യ 40 കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്.