പലതവണ കുത്തി, ശ്വാസമുണ്ടെന്ന് കണ്ടപ്പോള്‍ കഴുത്തറുത്തു; ബെംഗളൂരുവിലെ യുവതിയുടെ കൊല അതിക്രൂരം
ബെംഗളൂരുവിലെ പിജി ഹോസ്റ്റലില്‍ യുവതി അതിക്രൂരമായി കൊല്ലപ്പെട്ടത് നഗരത്തെയാകെ നടുക്കിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രതിയായ അഭിഷേകിനെ മധ്യപ്രദേശില്‍നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് 24 കാരിയായ കൃതി കുമാരിയെ പ്രതി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട കൃതിയുടെ റൂംമേറ്റിന്റെ ബോയ്ഫ്രണ്ടാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ അഭിഷേകും പെണ്‍കുട്ടിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇടയ്ക്കൊക്കെ കൃതി പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നു. റൂംമേറ്റിനോട് അഭിഷേകില്‍നിന്ന് അകലാനും നിർദേശിച്ചു. പിന്നീട്, കൃതിയും റൂംമേറ്റും അഭിഷേകിനെ പതിയെ ഒഴിവാക്കാൻ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ക്കു മുൻപ് അഭിഷേക് ഹോസ്റ്റലില്വന്ന് ബഹളം വച്ചു. ഇതിനുപിന്നാലെ കൃതി തന്റെ സുഹൃത്തായ റൂംമേറ്റിനെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറാൻ സഹായിച്ചു. അഭിഷേകിന്റെ ഫോണ്‍ കോള്‍ എടുക്കുന്നത് ഇരുവരും നിർത്തി. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൃതിയെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കയ്യില്‍ പ്ലാസ്റ്റിക് ബാഗും പിടിച്ച് അഭിഷേക് കൃതിയുടെ ഹോസ്റ്റലിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അതിനുശേഷം കൃതിയുടെ മുറിയുടെ വാതില്‍ മുട്ടുന്നു, തുറക്കുമ്ബോള്‍ അകത്തു കയറി. തൊട്ടുപിന്നാലെ കൃതിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരുന്നതും അഭിഷേകിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാൻ കൃതി പാടുപെടുന്നതും കാണാം.
കയ്യിലുണ്ടായിരുന്ന കത്തി അഭിഷേക് കൃതിയുടെ കഴുത്തില്‍ പിടിച്ചു. കൃതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലതവണ കുത്തി. കുഴഞ്ഞുവീണ കൃതിയുടെ മുടിയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചശേഷം വീണ്ടും കുത്തി. കൃതിക്ക് ശ്വാസമുണ്ടെന്ന് മനസിലായപ്പോള്‍ കഴുത്തറുത്തശേഷമാണ് അഭിഷേക് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്.
ബിഹാർ സ്വദേശിയാണ് കൊല്ലപ്പെട്ട കൃതി കുമാരി. കഴിഞ്ഞ മാർച്ച് മുതല്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. ബിസിനസ് ഡെവലപ്മെന്റ് അസോസിയേറ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.