കാറിനുള്ളില്‍ തീ കത്തിച്ച് ആത്മഹത്യ: ദമ്പതിമാരുടെ താമസം തനിച്ച്, കാരണം കുടുംബപ്രശ്നങ്ങളെന്ന് പോലീസ്
തിരുവല്ല: പാടശേഖരത്തിന് നടുവിലെ പാതയില്‍ കാറില്‍ വയോധിക ദമ്പതിമാരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നഗരസഭയിലെ 24-ാം വാര്‍ഡില്‍ തുകലശ്ശേരി ചെമ്പോലിമുക്കിന് സമീപം വേങ്ങശ്ശേരില് രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (62) എന്നിവരാണ് മരിച്ചത്.
കുടുംബപ്രശ്നങ്ങള്‍മൂലം ഇരുവരും ആത്മഹത്യചെയ്തതാണെന്ന് തിരുവല്ല ഡിവൈ.എസ്.പി. എസ്. അഷാദ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
ഇവരുടെ വീട്ടില്‍നിന്ന് ഏഴ് കിലോമീറ്ററോളം അകലെ പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍-വേളൂര്‍ മുണ്ടകം റോഡില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അടുത്തെങ്ങും ആള്‍ത്താമസമില്ലാത്ത പ്രദേശമാണ്. പട്രോളിങ് നടത്തുകയായിരുന്ന പോലീസാണ് തീ ഉയരുന്നത് കണ്ടത്. സമീപത്തേക്ക് എത്താന്‍ പറ്റാത്തവിധം തീജ്വാലകള്‍ ഉയര്‍ന്നിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. മുന്നിലെ സീറ്റുകളില്‍ കത്തിയമര്‍ന്ന നിലയിലായിരുന്നു ഇരുവരും.
രാജുവാണ് ഡ്രൈവിങ് സീറ്റില്‍ ഇരുന്നത്. റോഡിനോട് ചേര്‍ന്നൊഴുകുന്ന തോടിന്റെ കരയിലാണ് കാര്‍ നിര്‍ത്തിയിരുന്നത്. പെട്രോള്‍ പോലെയുള്ള ഏതെങ്കിലും ഇന്ധനം ഉപയോഗിച്ചാകാം കാറില്‍ തീകത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ദമ്പതിമാര്‍ വീട്ടില്‍ തനിച്ചായിരുന്നു. മകന്: ജോര്‍ജി. മരുമകള്‍: സിതാര.