പത്തനംതിട്ടയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു
പത്തനംതിട്ട: തിരുവല്ലയിൽ കാറിനുള്ളിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹങ്ങൾ. തിരുവല്ല തുകലശേരി സ്വദേശിയുടേതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവല്ല വേങ്ങയിലാണ് സംഭവം. മരിച്ചത് വാഹനഉടമ തുകലശേരി സ്വദേശി തോമസ് ജോർജും ഭാര്യ ലൈജിയുമാണെന്ന് സ്ഥലത്തെത്തിയവർ അറിയിച്ചു.
ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ജലാശയത്താൽ ചുറ്റപ്പെട്ട ഒഴിഞ്ഞ ഒരു സ്ഥലത്തുവച്ചാണ് കാർ കത്തിയത്.ഫയർഫോഴ്സ് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ കാർ കത്തിക്കഴിഞ്ഞിരുന്നു. വാഹന ഉടമയുടെ ബന്ധുക്കളെ അപകട സ്ഥലത്തെത്തിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് നടത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും ശരീരം വെന്തനിലയിൽ കാറിന്റെ മുൻ സീറ്റിലാണ് കണ്ടത്. സാധാരണയായി ഈ കാർ വാഹന ഉടമ തോമസ് ജോർജും ലൈജിയും മാത്രമാണ് ഉപയോഗിക്കാറെന്നും അതിനാൽ ഇവർ തന്നെയാണ് മരിച്ചതെന്നാണ് അടുത്ത ബന്ധുക്കൾ നൽകുന്ന സൂചന.