കുമ്പളയിൽ പൂത്ത നന്മമരം; ചോരയിൽ കുളിച്ച് കിടന്ന വിദ്യാർത്ഥിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച സൽത്തു മുഹമ്മദിന് സ്കൂളിന്റെ ആദരം
കാസർകോട്: കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച് മാതൃക കാണിച്ച ഓട്ടോ ഡ്രൈവർക്ക് സ്കൂളിൻ്റെ ആദരം. കുമ്പളയിലെ ഓട്ടോഡ്രൈവർ കൊടിയമ്മ, പുളിക്കുണ്ടിലെ സൽത്തു മുഹമ്മദിനെയാണ് കുമ്പള ജി എസ് ബി എസ് അധികൃതർ ആദരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ സൽത്തു മുഹമ്മദിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ഒരു മാസം മുമ്പാണ് ആദരവിനു അർഹനാക്കിയ സംഭവം. രാവിലെ പതിവുപോലെ സെൻ്റ് മോണിക്ക സ്കൂളിലേയ്ക്ക് കുട്ടികളുമായി പോവുകയായിരുന്നു മുഹമ്മദ്. സ്കൂൾ റോഡിലെത്തിയപ്പോൾ ആൾക്കാർ കൂടി നിൽക്കുന്നത് കണ്ടു. കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി ചോരയിൽ കുളിച്ച് നിലവിളിച്ചു കൊണ്ടിരിക്കുന്നു. ചിലർ ഫോട്ടോയെടുക്കുന്നു. മറ്റു ചിലർ നിസ്സാഹയരായി നിൽക്കുന്നു. ഇതോടെ സൽത്തു മുഹമ്മദിലെ മനുഷ്യത്വം ഉണർന്നു. തൻ്റെ ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ ഇറക്കി കടവരാന്തയിൽ നിർത്തി. ചോരയിൽ കുളിച്ച വിദ്യാർത്ഥിയെ വാരിയെടുത്ത് തൻ്റെ ഓട്ടോയിൽ കയറ്റി ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ച് അടിയന്തര ശുശ്രൂഷ ഉറപ്പു വരുത്തി. അതിനു ശേഷം അപകട സ്ഥലത്തെത്തി കുട്ടികളെ ഓട്ടോയിൽ സ്കൂളിലെത്തിച്ചാണ് മുഹമ്മദ് മടങ്ങിയത്.
കൂടുതൽ ആരും അറിയാതെ പോയ സംഭവം ആദ്യം ആരും അത്രയ്ക്ക് കണക്കിലെടുത്തിരുന്നില്ല. പിന്നീടാണ് സൽപ്രവൃത്തിയെ അംഗീകരിച്ചാദരിക്കാൻ തീരുമാനിച്ചത്.