ശക്തമായ കാറ്റിൽ ഉദുമയിൽ റെയിൽവെ വൈദ്യുതി ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു, ട്രെയിനുകൾ വൈകും
കാസർകോട്: ശക്തമായ കാറ്റിൽ ഉദുമ പള്ളത്ത് റെയിൽവെ ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു. വൈദ്യുതി ലൈനുംതകർന്ന് പാളത്തിൽ വീണു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് സംഭവം. വിവരത്തെ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിദഗ്ധരും അഗ്നിരക്ഷാ സേനയും ബേക്കൽ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. വൈദ്യുതി ലൈനിലെ പ്രശ്നം പരിഹരിക്കാൻ ചെറുവത്തൂരിൽ നിന്ന് സാങ്കേതിക വിദഗ്ധരെത്തണം. കാസർകോട് നിന്ന് കാഞ്ഞങ്ങാട് പോകുന്ന ഭാഗത്തെ റെയിൽവേ ട്രാക്കിലാണ് തെങ്ങ് വീണത്. സംഭവത്തെ തുടർന്ന് ട്രെയിനുകൾ വൈകുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കണ്ണൂർ ഭാഗത്തേക്ക് ചരക്ക് വണ്ടി കടന്ന് പോയതിന് തൊട്ടു പിന്നാലെയാണ് തെങ്ങ് പാളത്തിലേക്ക് വീണത്. വീശിയടിച്ച കാറ്റിൽ പ്രദേശത്ത് നിരവധി വൈദ്യുതി തൂണുകൾ പൊട്ടി വീണു.