പതാൻകോട്ടിൽ ഭീകരാക്രമണ മുന്നറിയിപ്പ്; രേഖാചിത്രം പുറത്തുവിട്ടു, കാലടയാളം കണ്ടെത്തി
ചണ്ഡിഗഡ്: ഏഴ് തീവ്രവാദികൾ സംസ്ഥാനത്ത് കടന്നതായി വിവരം ലഭിച്ചതിന് പിന്നാലെ പഞ്ചാബിൽ സുരക്ഷ കർശനമാക്കി. തീവ്രവാദികളെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫാംഗ്തോലി, പതാൻകോട്ട്, പഞ്ചാബ് എന്നിവിടങ്ങളിൽ അവരുടെ കാൽപാദത്തിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രാദേശിക പൊലീസും സൈന്യവും സംയുക്തമായി സുരക്ഷ കർശനമാക്കിയത്.
ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു തീവ്രവാദിയുടെ രേഖാച്ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്. തീവ്രവാദികളെ കണ്ടതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഫാംഗ്തോലി മേഖലയിലെ ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്. മേലലയിൽ സേന തീവ്രവാദികൾക്കായി ശക്തമായി തെരച്ചിലും നടത്തുന്നുണ്ട്.
താമസ സ്ഥലത്തിന് സമീപത്തുള്ള വനത്തിൽ നിന്ന് ചിലർ എത്തിയെന്നും വെള്ളം ചോദിച്ചതായും പ്രദേശവാസിയായ സീമ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. താൻ ഒറ്റയ്ക്കാണോ താമസിക്കുന്നതെന്ന് വന്നവരിലൊരാൾ ചോദിച്ചു. വെള്ളം കുടിച്ചതിനുശേഷം ഇവർ കാട്ടിലേയ്ക്ക് തന്നെ മടങ്ങി. സംശയം തോന്നിയ സീമ ദേവി ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രദേശങ്ങളിൽ ചിലയിടത്ത് കണ്ടെത്തിയ കാൽപാദങ്ങളുടെ അടയാളം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. 2016ലെ പതാൻകോട്ട് ഭീകരാക്രമണം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ പതാൻകോട്ട് പ്രശ്നബാധിത മേഖലയാണ്. രേഖാച്ചിത്രത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും സുരക്ഷാസേന അറിയിച്ചു.