ചെട്ടുംകുഴിയിൽ മർദ്ദനം തടയാൻ ശ്രമിച്ചുവരെ കുത്തി പരിക്കേൽപ്പിച്ച കേസ്; പ്രതികൾക്ക് 8 വർഷവും 9 മാസവും തടവ്; 30000 രൂപ പിഴയും
കാസർകോട്: മർദ്ദനം തടയാൻ ശ്രമിച്ചവരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലു പ്രതികളെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. വിദ്യാനഗർ, ചെട്ടുംകുഴി സ്വദേശി മുഹമ്മദ് ഗുൽഫാൻ (32), പാറക്കട്ടയിലെ പി.എ സിനാൻ (33), അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെ മുഹമ്മദ് സഫ്വാൻ (33), അണങ്കൂർ പള്ളിക്കാലിലെ കെ.എം കൈസൽ (33) എന്നിവരെയാണ് എട്ടുവർഷവും 9 മാസവും തടവിനും 30,000 രൂപ പിഴയടക്കാനും അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ് അനുഭവിക്കണമെന്ന് വിധി പ്രസ്താവനയിൽ പറഞ്ഞു. 2019 ജൂൺ 25ന് ആണ് കേസിനാസ്പദമായ സംഭവം. ചെട്ടുംകുഴിയിൽ വെച്ച് ഹൈദർ എന്നയാളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച അബ്ദുൽ അസീസ്, അമീർ എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ഇപ്പോഴത്തെ വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു.പി വിപിൻ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ ഒന്നാം പ്രതിയായ പി.കെ ഷാനിബ് ഒളിവിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.