മഞ്ചേശ്വരത്ത് മൂന്നു യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ പ്രവണത വർധിക്കുന്നതിൽ ആശങ്ക
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 20, 23, 39 വയസ്സ് പ്രായമുള്ള മൂന്നു യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം, ഉദ്യാവരം, മാടയിലെ പരേതനായ ശേഖരയുടെ മകൻ ഗൗതം രാജ് (23), കുഞ്ചത്തൂർ, മരിയ ചർച്ച് കോംപൗണ്ടിലെ ബെന്നറ്റ് പെൻ്റോയുടെ മകൻ ബ്രയാൻ എൽഡോൺ പിൻ്റോ (20), കടമ്പാർ മൊറത്തണ, കജകോടിയിലെ കൃഷ്ണ നായികിൻ്റെ മകൻ ബി. രാജേഷ് (39) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഉഡുപ്പിയിൽ വീഡിയോ അനിമേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഗൗതംരാജ്. മാതാവ് സത്യാവതിയും ഗൗതം രാജും ഹൊസബട്ടുവിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടുമാസമായി ഉഡുപ്പിയിലെ ജോലി സ്ഥലത്തേയ്ക്ക് പോകാതിരുന്ന ഇയാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേശ്വരം മൊറത്തണയിലെ കോൺക്രീറ്റ് തൊഴിലാളി രാജേഷി(40)നെ വീട്ടിനു സമീപത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ചികിത്സയിലായിരുന്നു രാജേഷ്. മാതാവ്: സരോജിനി. ഭാര്യ: ഗീത. മകൾ: തന്മയി (ആറു വയസ്സ്). സഹോദരങ്ങൾ: ജയമാല, സവിത.
ബ്രയോൺ എൻഡോൺ പിൻ്റോ തിങ്കളാഴ്ച രാത്രി 11 മണിയോടെ വീട്ടിൽ നിന്നു സ്കൂട്ടറുമായി പുറത്തു പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനിടയിൽ ചൊവ്വാഴ്ച ബ്രയോണിന്റെ സ്കൂട്ടർ തറവാട് വീടിനു സമീപത്തു നിർത്തിയിട്ട നിലയിൽ കണ്ടെത്തി. സംശയം തോന്നി വീട്ടിനകത്തു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇമറ്റ് പിന്റോയാണ് മാതാവ്. ഏക സഹോദരി ബ്രയാണപിന്റോ.
മൂന്നു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ സമീപകാലത്ത് യുവാക്കളുടെ ആത്മഹത്യ പെരുകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ, പ്രണയനൈരാശ്യം, രോഗം, മയക്കുമരുന്നുപയോഗം തുടങ്ങിയ കാരണങ്ങളാണ് ആത്മഹത്യാ പ്രവണത വർധിക്കുന്നതിനു കാരണമായി പറയുന്നത്.