ഐസ്ക്രീം നൽകാമെന്നു പറഞ്ഞ് നാലു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി;പ്രതിയെ വെടിവെച്ചു കൊല്ലണമെന്നു ആവശ്യപ്പെട്ട് ജനക്കൂട്ടം തഹസിൽദാർ ഓഫീസ് വളഞ്ഞു
ബംഗ്ളൂരു: ഐസ്ക്രീം നൽകാമെന്നു പറഞ്ഞ് നാലു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം നടത്തിയ പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, നാട്ടുകാർ തഹസിൽദാർ ഓഫീസിലേക്ക് മാർച്ച് നടത്തി. ബംഗ്ളൂരു, രാമനഗർ, മാഗാഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. ഇമ്രാൻഖാൻ (45)എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ബന്ധുവായ പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ ഐസ്ക്രീം വാങ്ങിനൽകാമെന്നു പറഞ്ഞ് പെൺകുട്ടിയെ കുട്ടിക്കൊണ്ടുപോയി. കുട്ടിയെ തിരിച്ചെത്തിക്കാത്തതിനെ തുടർന്ന് ഇമ്രാൻഖാനെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടു. പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നുവെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നും പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറി. ഇതോടെ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ മാഗാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ പെൺകുട്ടി ക്രൂരമായ അതിക്രമത്തിനു ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിനിടയിൽ ഇമ്രാൻഖാൻ ഒളിവിൽ പോയിരുന്നു. സൈബർസെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഖളസിപാളയത്തു വച്ച് പൊലീസ് പിടികൂടിയത്. ഇയാളെ മാഗാഡിയിൽ എത്തിച്ച വിവരം അറിഞ്ഞതോടെ നാട്ടുകാർ സംഘടിതരാവുകയും തഹസിൽദാർ ഓഫീസിലേക്ക് മാർച്ച് നടത്തി പ്രതിയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു.