കേന്ദ്ര ബജറ്റ്: രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തോട് ക്രൂരമായ അവഗണന
തിരുവനന്തപുരം: രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ പേരുപോലും പരാമര്‍ശിക്കാതെ കേരളം. ബി ജെ പി ഭരണത്തില്‍ മുന്‍ കാലങ്ങളിലും കേരളം അവഗണിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ഒരു പ്രതിനിധിയെ പാര്‍ലിമെന്റിലേക്ക് അയക്കാത്ത കേരളത്തെ എന്തിനു പരിഗണിക്കണമെന്ന ചോദ്യമാണ് ബി ജെ പി കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ തൃശൂരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും മറ്റൊരു മന്ത്രിയെക്കൂടി ലഭിക്കുകയും ചെയ്തിട്ടും കേരളത്തിന്റെ ആവശ്യങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചു. സുരേഷ് ഗോപി നല്കിയ വലിയ വാഗ്ദാനങ്ങള്‍ പോലും ബജറ്റില്‍ പരാമര്ശിക്കപ്പെട്ടില്ല.
കേന്ദ്ര സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന ബീഹാറും ആന്ധ്രയും വന്‍ പദ്ധതികള്‍ നേടിയെടുത്തപ്പോഴാണ് കേരളം ക്രൂരമായി അവഗണിക്കപ്പെട്ടത്. ബജറ്റില്‍ കേരളത്തിനു വകയിരുത്തുകയല്ല, കേരളത്തെ വകവരുത്തുകയാണ് കേന്ദ്രം ചെയ്തത് എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ബജറ്റിനെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തോടുള്ള അവഗണനക്കെതിരെ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ശക്തമായി അപലപിച്ചു. രണ്ടു കന്ദ്രമന്ത്രിമാര് ഉണ്ടായിട്ടും കേരളം ഈ വിധം അവഗണിക്കപ്പെട്ടതായി സി പി എം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് കെ രാധാകൃഷ്ണന് പറഞ്ഞു.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വലിയ പ്രതീക്ഷയായിരുന്നു കേരളത്തിന് ഉണ്ടായിരുന്നത്. കേരളം നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എന്തൊക്കെ അനുവദിക്കും എന്നകാത്തിരിപ്പാണ് നിരാശയില്‍ പതിച്ചത്.
24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ട 6,000 കോടിക്ക് തുല്യതുക ഉപാധിരഹിത കടമായി അനുവദിക്കുക, നികുതി വിഹിതം 40:60 എന്ന് പുനര്‍നിര്‍ണയിക്കുക, കടമെടുപ്പ് പരിധി ജി എസ് ഡി പിയുടെ മൂന്നര ശതമാനമാക്കി ഉയര്‍ത്തുക, കിഫ്ബി, പെന്ഷന് കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളിലെടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യം.
എയിംസ്, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ അനുവദിക്കുക, റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുക, ആശ, അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം ഉയര്‍ത്തുക, സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും പ്രധാനമായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയുടെ പാക്കേജ്, വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിന് 5,000 കോടിയുടെ സഹായം, മൂലധന നിക്ഷേപ വായ്പാ പദ്ധതിയില്‍നിന്നുള്ള സഹായം, സില്‍വര്‍ ലൈനിന് അനുമതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 60 ശതമാനത്തില്‍നിന്ന് 75 ആക്കുക, ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷന്‍വ്യാപാരികളുടെ കമീഷനും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടു വച്ചിരുന്നു.ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ കേരളത്തെ ശക്തമായി അവഗണിക്കുന്നതായിരുന്നു ബജറ്റ്.