മദ്രസ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
കാസർകോട്: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ചെർക്കള വികെ പാറയിലെ അജിത്ത് കുമാറി (35)നെയാണ് ആദൂർ പൊലീസ് അറസ്റ്റുചെയ്തത്. ജൂലായ് 15ന് രാവിലെ മുളിയാർ പഞ്ചായത്തിലെ ഒരിടത്താണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു 14 വയസുള്ള പെൺകുട്ടി. ഈ സമയത്ത് കറുത്ത നിറത്തിലുള്ള സ്കൂട്ടറിൽ എത്തിയ യുവാവ് പെൺകുട്ടിയുടെ അടുത്തെത്തി നിർത്തി ഒരു കാര്യം അറിയാമോയെന്ന് ചോദിച്ചു. ഇല്ലെന്നു പെൺകുട്ടി മറുപടി നൽകി. ഇതോടെ സ്കൂട്ടറിൽ എത്തിയ യുവാവ് ഉടുതുണി പൊക്കി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകിയത്. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അജിത്ത് കുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.