കാറിന് തീ പിടിച്ച് പൊള്ളലേറ്റ് മരിച്ചത് കുമളി സ്വദേശി; ആത്മഹത്യയെന്ന് സംശയം, അന്വേഷണം
ഇടുക്കി കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്ത് മരിച്ചു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ (64) ആണ് മരിച്ചത്. കാർ പൂർണമായും കത്തി നശിച്ചു. അതേസമയം കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
അറുപത്തിയാറാംമൈലിന് സമീപമാണ് സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചു. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിൻ്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു.
ഇരുവര്‍ക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.