തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. ഇതേ ചൊല്ലി നിയമസഭയില്‍ കടുത്തവാഗ്വാദം നടന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കേസ് സി.ബി.ഐക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. അതുകൊണ്ടാണ് കേസില്‍ അപ്പീല്‍ പോയതെന്നും അപ്പീലില്‍ തീരുമാനം വന്നതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെന്താണ് പെരിയ കേസിലിത്ര താത്പര്യമെന്നും എന്തിനാണ് അദ്ദേഹം സി.ബി.ഐയെ അന്വേഷണത്തെ പേടിക്കുന്നതെന്നും ചോദിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ വേട്ടക്കാര്ക്കൊപ്പമാണെന്നു ആരോപിച്ചു.
അന്വേഷണവിവരങ്ങളടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് പൊലിസ് അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.
2019 ഫെബ്രുവരി 17ന് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ സി.പി.എമ്മുകാരായ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിനു സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടത്.