ഓടുന്ന കാറില്‍ ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ചു, വീഡിയോ പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിലിട്ട് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും ഇതിന്റെ വീഡിയോ ചിത്രീകരിച്ചയാളുമാണ് പോലീസിന്റെ പിടിയിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് മൊഹ്ന പോലീസ് സ്റ്റേഷന് പരിധിയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി പിന്നീട് പീഡനവിവരം കുടുംബത്തോട് വെളിപ്പെടുത്തി. ഇതോടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ പകര്‍ത്തിയ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു.
പ്രതികളെല്ലാം 18-നും 20-നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ ഒരാളുമായി ഒരുവര്‍ഷം മുന്‍പാണ് 13-കാരി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇയാള്‍ തന്റെ കൂട്ടുകാരെയും പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിനല്‍കി. ഇവരെല്ലാം മൊബൈല്‍ഫോണ്‍ ചാറ്റിങ്ങിലൂടെ സൗഹൃദം തുടര്‍ന്നു. സംഭവദിവസം പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍ കാറുമായെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കാറില്‍ വലിച്ചുകയറ്റുകയും ഓടുന്ന കാറിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പ്രതികളിലൊരാളാണ് കാറിന്റെ പിന്‍സീറ്റില്‍വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സമയം ഒരാള്‍ വാഹനമോടിക്കുകയും മറ്റൊരുപ്രതി പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.