ബേക്കൽ: കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്സിലെ പ്രതികൾ ഒളിവിൽ. ബേക്കൽഫോർട്ട് അനീസ് മഹലിലെ ബി. അബൂബക്കറിനെ 60, ബാങ്ക് കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത നാഷണൽ യൂത്ത് ലീഗ് നേതാവ് ബേക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീർ എന്ന സമീർ, കുട്ടാളി ഹദ്ദാദ് നഗറിന്റെ ഇസ്മായിൽ റഷീദ് എന്നിവരാണ്. ഇവർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തതിന് പിന്നാലെ സമീറും ഇസ്മായിലും നാട്ടിൽ നിന്നും മുങ്ങി. കേസ്സിലെ ഒന്നാം പ്രതി ബേക്കൽ പള്ളിക്കരയിലെ റാഷിദ് എറണാകുളത്ത് ചികിത്സയിലാണ്.
മുഖ്യസൂത്രധാരൻ ടൈഗർ സമീർ ആണെങ്കിലും സമീറിന്റെ നിർദ്ദേശപ്രകാരം 2 ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത് റാഷിദ് ആയതോടെയാണ് ഇയാൾ പ്രതി പട്ടികയിൽ ഒന്നാമതായി മാറിയത് . കേസ്സിൽ നിന്നൊഴിവാക്കാൻ ഡി വൈഎസ്പിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേനയാണ് ക്രൈംബ്രാഞ്ച് എസ്.ഐയടക്കമുള്ള നാലംഗ സംഘം അബൂബക്കറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഇവരിൽ എസ്ഐയെ കേസ്സിൽ നിലവിൽ പ്രതി ചേർത്തിട്ടില്ല. എന്നാൽ തുടരന്വേഷണത്തിൽ എസ് ഐ പ്രതിയാകുമെന്ന് പോലീസ് സൂചിപ്പിക്കുന്നു. പരാതിക്കാരനായ അബൂബക്കറിനെ നിരവധി തവണയാണ് പോലീസുകാരൻ ഫോണിലൂടെ ബന്ധപ്പെട്ട് സമീറിന് വേണ്ടി ഭീഷണി ഉയർത്തിയത് . ഇത് പോലീസിന് വ്യക്തമായിട്ടുണ്ട്. പോലീസ് സേനക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന ഗൗരവകരമായ വിഷയമായിട്ട് തന്നെയാണ് ജില്ലാ പോലീസ് ഈ വിഷയത്തെ കാണുന്നത്.
പ്രതികൾ കൂടുതൽ പണമാവശ്യ പ്പെട്ട് ഭീഷണി തുടർന്നതോടെയാണ് അബൂബക്കർ ഡിവൈഎസ്പിയെ നേരിൽക്കണ്ട് വിവരം ധരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തായത് .സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യുടെ പേരടക്കം പറഞ്ഞാണ് ടൈഗർ സമീറും സംഘവും അബുബക്കറിൽ നിന്നും പണം തട്ടിയത്. വിവരമറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയെ നേരിൽ ക്കണ്ട് വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ടൈഗർ സമീറിൻ്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിന്റെ വിവരം പുറത്തായതിന് പിന്നാലെ മലപ്പുറം സ്വദേശിയും പരാതിയുമായി കാസർകോട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരുന്നു. നിരോധിച്ച നോട്ടുകൾ നൽകാമെന്ന് വ്യവസ്ഥയിൽ മലപ്പുറം സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപയാണ് സമീർ തട്ടിയെടുത്തത്. പണം കൈമാറുന്നതിന് മുമ്പ് വിശ്വാസം നേടിയെടുക്കാൻ വേണ്ടി മലപ്പുറം സ്വദേശിയെ ടൈഗർ സമീറിൻ്റെ ഹദ്ദാദ് നഗറിലെ വീട്ടിലേക്ക് വിളിക്കുകയും മാതാവിനെയും കുട്ടികളെയും പരിചയപ്പെടുത്തിയതായും പറയപ്പെടുന്നു. വീടും കുടുംബത്തെയും കണ്ട് വിശ്വാസം വന്നതോടുകൂടിയാണ് മലപ്പുറം സ്വദേശികൾ ടൈഗർ സെമീറിന് പണം കൈമാറിയത്. പണം ലഭിച്ചതോടെ സമീറിന്റെ ഫോൺ സ്വിച്ച് ഓഫ് ആകുകയും മലപ്പുറം സ്വദേശികൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലും ആയിരുന്നു .
തുടർന്ന് പ്രശ്നങ്ങളൊക്കെ പരിഹരിച്ച് നൽകാമെന്നും നോട്ടുകൾ കൈമാറാമെന്നും വിശ്വസിപ്പിച്ച് അമ്പലത്തറ കള്ളനോട്ട് കേസ്സിൽ പ്രതിയായ സുലൈമാനും മലപ്പുറം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയതായി പറയപ്പെടുന്നു. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ കോവിഡ് കാലത്തിന് മുമ്പാണ് മലപ്പുറം സ്വദേശി സമീറിന് 8 ലക്ഷം രൂപയും സമീറിന് 5 ലക്ഷം രൂപയും കൈമാറിയത് . ഇതോടെ എല്ലാവരെയും ഫോണുകൾ സ്വിച്ച് ഓഫ് ആകുകയും കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ എന്ത് ചെയ്യണം എന്നറിയാത്ത പതറിപ്പോയ മലപ്പുറം സ്വദേശികളെ പിന്നെ തേടിയെത്തിയത് ഗുണ്ടകളാണ്. പണം ലഭിക്കാതെ തിരികെ പോകില്ലെന്ന് അറിയിച്ച മലപ്പുറം സ്വദേശികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗുണ്ടാ സംഘം വിരട്ടിയോടിക്കുക യായിരുന്നു. നിയമവിരുദ്ധമായ ഇടപാട് ആയതുകൊണ്ടും ഗുണ്ടാ സംഘത്തെ പേടിച്ചും പ്രതികൾ അന്ന് പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് സമീറൂമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങൾ മാധ്യമങ്ങളുടെ കണ്ടതോടെയാണ് മലപ്പുറം സ്വദേശികൾ തങ്ങൾ തട്ടിപ്പിൻരിയാ വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്.
അമ്പലത്തറ കള്ളനോട്ട് കേസ്സിൽ സമീറിന് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന വിധത്തിൽ പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം സ്വദേശിയുടെ വെളിപ്പെടുത്തൽ ഇതിനെ സാധൂകരിക്കുന്നതാണ്.
നിരോധിച്ച നോട്ടുകൾ മാറിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സമീർ പലരിൽ നിന്നും പണം തട്ടിയെടുത്തതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തി. തട്ടിപ്പിനിരിയായ ഒരാൾ മരണപ്പെട്ടതായും വിവരവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു . ഇന്ന് ഉച്ചയോടു കൂടി പ്രതികളായ സമീറിന്റെയും മറ്റു പ്രതികളുടെയും വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. അതേസമയം പ്രതിയായ ടൈഗർ ഷമീർ തൻറെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെ തന്ത്രപരമായി ഭീഷണി തുടരുകയാണ്. എന്നാൽ ഇത്തരം ഭീഷണിയിൽ ആരും ഭയക്കേണ്ടതില്ലെന്നും പ്രതികളുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരായവർ ധൈര്യമായി പോലീസിനെ സമീപിക്കാം എന്നും പോലീസ് അറിയിച്ചു.
ടൈഗർ സമീറിന്റെ ഏറ്റവും പുതിയ ഭീഷണി വാട്സ്ആപ്പ് സ്റ്റാറ്റസ് .