മഴ അവധി പ്രഖ്യാപിച്ചില്ല; പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും; പിന്നിൽ 15 വയസിൽ താഴെയുള്ള കുട്ടികൾ; കളക്ടർ പിന്നീട് ചെയ്തത്
മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ. സംഭവത്തെ തുടർന്ന് കളക്ടർ പ്രേം കൃഷ്ണൻ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തിഉപദേശിച്ചുവിടുകയായിരുന്നു.
അതേസമയം അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും മറ്റും കലക്ടർക്ക് വന്നിട്ടുണ്ട്. ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണൽ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. എന്നാൽ ചിലരാവട്ടെ കളക്ടർ രാജിവെയ്ക്കണമെന്നും ആവശ്യപ്പെടുന്നു.
“പൊന്നു സാറേ, നല്ലോണം പഠിച്ചു സാറിനെ പോലെ വെല്യ ആളായി തീരണം എന്നാണ് എൻ്റെ ആഗ്രഹം.. രാവിലെ മുതൽ തുടങ്ങിയ മഴ ആണ്.. ഇനി നാളെ ഞാൻ കോളേജിൽ പോയി അബദ്ധവെച്ചാൽ വെല്ല ഒഴുക്കുള്ള തോട്ടിലോ കുളത്തിലോ വീണു മരിച്ചാൽ ഈ സമൂഹത്തിനു കിട്ടേണ്ട വലൊരു മുത്തിനെ നിങ്ങൾക്ക് നഷ്ടം ആകും.. ഒരുഅവധി തരുവോ?” – അങ്ങനെയും ഒരു വിദ്യാർഥിയുടെ കമന്റ്.
“ദേ കണ്ടോ, അപ്രത്തെ കുളട്ടറുമാമനിട്ടതാ..
എന്തോരു സ്നേഹമാ കുട്ടികളോട്.. ഇവിടുത്തെ മാമൻ വന്നേച്ചു കൊറെ പച്ചേം മണ്ണും, ഓറഞ്ചും കാണിച്ചേച്ചും പോകും ,അവധി തരാവോന്ന് കെഞ്ചിയാ പോലും ങേ ഹെ,, കണ്ട ഭാവം നടിക്കൂല”- പെൺകുട്ടികളും കമൻ്റിടുന്നുണ്ട്. അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തൻ്റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു. സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചു. കുട്ടി ഇങ്ങനെ ചെയ്തത് അറിയാതിരുന്ന രക്ഷിതാക്കൾ അന്തംവിട്ടു പോയെന്നും കളക്ടർ പറയുന്നു.
മിക്ക കളക്ടർമാരുടെയും പേജുകളിൽ ഈ ബഹളം കാണാമെന്നും ഇങ്ങനെ ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്നുമാണ് കുട്ടികളോടും രക്ഷിതാക്കളോടും പ്രേം കൃഷ്ണൻ്റെ അഭ്യർത്ഥന.