വ്യാജമരുന്ന് കൂടുന്നു ; ബാര്‍കോഡുകള്‍ നിര്‍ബന്ധമാക്കിയ 300 മരുന്നുകളില്‍ കര്‍ശനപരിശോധന
തൃശ്ശൂര്‍: ബാര്‍കോഡുകള്‍ നിര്‍ബന്ധമാക്കിയ 300 മരുന്നുകളില്‍ കര്‍ശനപരിശോധന നടത്താന്‍ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പരിശോധനകള്‍ നടത്തി വീഴ്ചക്കാര്ക്കെതിരേ നടപടിയെടുക്കാന്‍ ഡ്രഗ്സ് കണ്ട്രോള് ജനറലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മരുന്നിന്റെ നിര്‍മാണാനുമതി, ബാച്ചിന്റെ വിവരം തുടങ്ങിയ കാര്യങ്ങളാണ് ബാര്‍കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഔഷധവിപണിയില്‍ വ്യാജമരുന്നുകള്‍ കൂടിവരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. പല പ്രമുഖ കമ്പനികളുടെയും പേരില്‍ നിലവാരം കുറഞ്ഞ പതിപ്പുകള്‍ വിപണിയിലെത്തുന്നതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഔഷധവിപണിയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് ബാര്‍കോഡ് നടപ്പാക്കിയത്.
മരുന്നിന്റെ പൂഴ്ത്തിവെപ്പും ക്ഷാമവും ഇല്ലാതാക്കാനും ഇതുമൂലം കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതിന് വലിയ സാമ്പത്തികബാധ്യത വരുമെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി 300 മരുന്നിനങ്ങളില് കോഡ് സമ്പ്രദായം നടപ്പാക്കാനാണ് തീരുമാനിച്ചത്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇനങ്ങളാണ് പ്രധാനമായും പട്ടികയില്‍ ഉള്‍പ്പെട്ടത്.
ആദ്യഘട്ടത്തിന്റെ ജയം വിലയിരുത്തി ഘട്ടങ്ങളായി എല്ലാ മരുന്നുകളിലും ബാര്‍കോഡ് നടപ്പാക്കാനാണ് പദ്ധതി.
ഒന്നാംഘട്ടത്തിന്റെ വിലയിരുത്തല്‍ എന്ന നിലയിലാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പരിശോധന.
പരിശോധനയില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാനും സംസ്ഥാന ഡ്രഗ്സ് വിഭാഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വ്യാജമരുന്നുകളെ നിയന്ത്രിക്കാന്‍ സ്ഥിരംസമിതിയുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.