മാവിനക്കട്ടയിലെ കാർ അപകടം: കലന്തർ സമ്മാസ് മരിച്ചത് ഷോക്കേറ്റ്, സഹോദരൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ, അപകടം നാടിനെ കണ്ണീരിലാഴ്ത്തി
കാസർകോട്: ബദിയഡുക്ക, മാവിനക്കട്ടയിൽ വെള്ളിയാഴ്ച രാത്രി 10 മണിക്കുണ്ടായ കാറപകടത്തിൽ യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മാവിനക്കട്ട പള്ളിക്കു സമീപത്തെ അബ്ദുല്ലയുടെ മകൻ കലന്തർ സമ്മാസ് (21) ആണ് മരിച്ചത്. സഹോദരൻ മൊയ്തീൻ സർവാസ് (19) സാരമായി പരിക്കേറ്റ നിലയിൽ മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മാവിനക്കട്ടയിലെ ബന്ധുവീട്ടിൽ പോയി വരികയായിരുന്നു ബദിയഡുക്കയിലെ ബേക്കറി ഷോപ്പിലെ ജീവനക്കാരനായ കലന്തർ സമ്മാസും സഹോദരനും. യാത്രക്കിടയിൽ നിയന്ത്രണം വിട്ട കാർ റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. പുറത്തേക്കു തെറിച്ചുവീണ സമ്മാസ് വൈദ്യുതി തൂണിൽ നിന്നു ഷോക്കേറ്റാണ് മരണപ്പെട്ടത്. രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സർവാസിനും പരിക്കേറ്റു. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് പരിസരവാസികളെത്തി ഇരുവരെയും ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സമ്മാസിന്റെ മരണം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടം സംബന്ധിച്ച് ബദിയഡുക്ക പൊലീസ് കേസെടുത്തു. ബീഫാത്തിമയാണ് സമ്മാസിന്റെ മാതാവ്. മറ്റു സഹോദരങ്ങൾ: സാബിർ, സഹദ്, സുഹൈൽ (മൂന്നു പേരും ഗൾഫ്), ശബാന.