കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഉള്ളാളിലെ ബന്ധുവീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി; വിദ്യാനഗറിലെ കാപ്പ കേസ് പ്രതി അറസ്റ്റിൽ
മംഗ്ളൂരു: ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന ബി.സി.എ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതി മംഗ്ളൂരുവിൽ അറസ്റ്റിൽ. വിദ്യാനഗർ, ഇസത്ത് നഗറിലെ മുഹമ്മദ് അഷ്ഫാഖിനെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളാളിലെ ബന്ധുവീട്ടിൽ താമസിച്ചു പഠിച്ചുവരികയായിരുന്ന 20 കാരിയെ തട്ടിക്കൊണ്ടു പോയി മംഗ്ളൂരുവിലെ ഒരു കെട്ടിടത്തിൽ താമസിപ്പിച്ചുവരികയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതി പ്രകാരം കേസെടുത്തു അന്വേഷിച്ചുവരുന്നതിനിടയിൽ മൊബൈൽഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പെൺകുട്ടിയുള്ള സ്ഥലം പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ മഹിളാഹോമിലേക്ക് മാറ്റി. അറസ്റ്റിലായ അഷ്ഫാഖിനു വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ കാപ്പ കേസുണ്ട്. പത്തോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.