സുഹൃത്തുക്കളോടൊപ്പം പുലർച്ചെവരെ ബാറിൽ, അപകടത്തിന് പിന്നാലെ ഒളിവിൽ;ബുൾഡോസർ എത്തിച്ച് ബാർ തകർത്ത് BMC
മുംബൈ: മുംബൈയിലെ ബിഎംഡബ്ല്യൂ കാർ അപകടവുമായി ബന്ധപ്പെട്ട് പ്രതി മദ്യപിച്ച ജുഹുവിലെ ബാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ബാർ തകർത്തത്. അപകടത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തിയ ശേഷം ബാർ സീൽ ചെയ്തിരുന്നു. പ്രതി മിഹിർ ഷാ അറസ്റ്റിലായതിന് പിന്നാലെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ബുൾഡോസറുമായെത്തി ബാർ തകർക്കുകയായിരുന്നു. അതേസമയം പ്രതിയുടെ പിതാവ് രാജേഷ് ഷായെ ശിവസേന ഷിന്ദെ വിഭാഗത്തിൽ നിന്ന് പുറത്താക്കി.
പോലീസ് പറയുന്നത് പ്രകാരം; ശനിയാഴ്ച രാത്രിയാണ് മിഹിർ ഷായും സുഹൃത്തുക്കളും ബാറിൽ എത്തുന്നത്. തുടർന്ന് പുലർച്ചെയോടെ ഡ്രൈവർക്കൊപ്പം മിഹിർ ഷാ മടങ്ങി. മിഹിർ ഷാ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ വർളിയിൽ വെച്ച് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാവേരി നഖ്വ എന്ന സ്ത്രീ മരിക്കുകയും ഇവരുടെ ഭർത്താവ് പ്രദീപ് നഖ്വയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ മിഹിർ ഷാ ഓട്ടോ റിക്ഷയിൽ ഇവടെ നിന്ന് രക്ഷപ്പെട്ടു. ഡ്രൈവറേയും കാറും സ്ഥലത്ത് ഉപേക്ഷിച്ചാണ് മിഹിർ ഷാ ഇവിടെ നിന്ന് രക്ഷപ്പെട്ടത്. പെൺസുഹൃത്തിന്റെ വീട്ടിലേക്കാണ് ഇയാൾ ആദ്യം പോയത്. ഇവിടേക്ക് ഷായുടെ സഹോദരിയെ വിളിച്ചു വരുത്തി. തുടർന്ന് ഇവിടെ നിന്ന് ബോറിവാലിയിലെ വീട്ടിലേക്ക് ഇവർ പോയി. ഇയാളുടെ കുടുംബം ഷാ പുരിലെ റിസോർട്ടിലേക്ക് ഒളിവിൽ പോവുകയും ചെയ്തു. ഇതിനിടെ പോലീസ് പ്രതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ഫോൺ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സുഹൃത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എന്നാൽ ഇതിനിടെ പോലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അപകടം കഴിഞ്ഞ് 72 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. രക്തത്തിൽ ആൽക്കഹോളിന്റെ അളവ് ഇത്രയും നേരം നിലനില്ക്കില്ലെന്ന് മരിച്ച സ്ത്രീയുടെ കുടുംബം ആരോപിച്ചു. പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് അയാൾ ഒളിവിൽ പോയതെന്ന് മരിച്ച സ്ത്രീയുടെ ഭർത്താവ് പ്രദീപ് നഖ്വ ചോദിച്ചു.