1200 കോടിയുടെ മോറിസ് കോയിൻ നിക്ഷേപത്തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍, മുഖ്യപ്രതി വിദേശത്ത് ഒളിവിൽ
മലപ്പുറം: മോറിസ് കോയിന് എന്ന പേരിലുള്ള ക്രിപ്റ്റോകറന്‍സി നിക്ഷേപപദ്ധതിയിലേക്ക് നിരവധി ആളുകളെ ചേര്‍ത്ത് 1,200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ ക്രൈംബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു.
പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന് (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടമായിട്ടുണ്ട്.
പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍ വീട്ടില്‍ നിഷാദ് (39) വിദേശത്ത് ഒളിവിലാണ്. 2020-ലാണ് മലപ്പുറത്തെ പൂക്കോട്ടുംപാടം പോലീസ്സ്റ്റേഷനില്‍ മോറിസ് കോയിന് തട്ടിപ്പ് കേസ് രജിസ്റ്റര്‍ചെയ്തത്. തുടര്‍ന്ന് നിഷാദ് അറസ്റ്റിലാകുകയും ജാമ്യംനേടി ഒളിവില്‍പ്പോകുകയുമായിരുന്നു. നിഷാദിനെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡില്‍ ജൂനിയര്‍ കെ. ജോഷി (40) യെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റുചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ്സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വസ്തുക്കളും വാഹനങ്ങളുമടക്കം പ്രതികളുടെ പേരിലുള്ള സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യംചെയ്ത് വരികയാണ്.