വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോയെടുക്കും; ഫോട്ടോകൾ മോർഫ്ചെയ്ത് അശ്ലീല സൈറ്റിലിടും; ഫോട്ടോഗ്രാഫറും മുൻ എസ്എഫ്ഐ നേതാവുമായ യുവാവ് പിടിയിൽ
കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചു. മുൻ എസ്എഫ്ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂർവ വിദ്യാർഥിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്. ബിരുദ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. പെൺകുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നിൽ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത് അറസ്റ്റിലായത്. വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നത്. പരിചയപ്പെട്ട
പെൺകുട്ടികളുടെ ചിത്രങ്ങളും പകർത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയാണ് പതിവ്. കോളേജിൽ പഠിച്ചിരുന്നപ്പോൾ എസ്എഫ്ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഇത്തരത്തിൽ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് കസറ്റഡിയിലെടുത്ത രോഹിത്തിന്റെ രണ്ടു ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമുളള കേസ് രജിസ്റ്റർ ചെയ്താണ് കാലടി പൊലീസ് രോഹിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപ്പോൾ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇത്ര ഗൗരവതരമായ കുറ്റം ചെയ്തൊരു പ്രതിക്കെതിരെ സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമിട്ട് കേസെടുത്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.