രണ്ട് ഡിവൈഎസ്പി മാർക്ക് കൂടി മൂന്നുലക്ഷം,എസ്ഐക്ക് ഒന്നര ലക്ഷം; മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ പണം തട്ടിയ സംഭവം; കാസർകോട് ക്രൈംബ്രാഞ്ച് ഒതുക്കി തീർത്തു; കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പണയത്തട്ടിപ്പ് കേസിൽ അടിമുടി ദുരൂഹത .
കാഞ്ഞങ്ങാട്: കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പണയത്തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ളയാളുടെ ബന്ധുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം രഹസ്യമായി ഒതുക്കി.
എസ് ഐ റാങ്കിലുള്ള ക്രൈംബ്രാഞ്ച്ഉദ്യോഗസ്ഥനും ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ടൈഗർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയും മറ്റു രണ്ടുപേരും ചേർന്ന് തമ്മിലുണ്ടാക്കിയ പദ്ധതി പ്രകാരമാണ് കാറഡു പണയത്തട്ടിപ്പ് കേസിലെ പ്രതിയുടെ ബന്ധുവിനെ കേസിൽക്കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാലരലക്ഷം രൂപ തട്ടിയെടുത്തത്.
ഭീഷണി സഹിക്കാതെ നാലര ലക്ഷം രൂപ കൈ മാറിയതിന് പിന്നാലെ ബേക്കൽ സ്വദേശി വീണ്ടും പണം ആവശ്യപ്പെട്ടതോടുകൂടിയാണ് സംഭവം പുറത്തുവന്നത്.ബേക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി നോക്കിയിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ക്രൈംബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. കേസിൽ നിന്നൊഴിവാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈസ് എപ്പിക്കും നൽകാനെന്ന വ്യാജേനയാണ് പണം കൈപ്പറ്റിയത്. കാറഡുക്ക പണയത്തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുള്ളയാളെ ആരോപണ വിധേയനായ ക്രൈംബ്രാഞ്ചിലെ എസ് ഐ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
കാറഡുക്ക പണയത്തട്ടിപ്പ് കേസ് പ്രതിയുമായി ബന്ധമുള്ള പരാതിക്കാരൻ പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടതിൻ്റെ തെളിവുകളുപയോഗിച്ച് കേസിൽ കുടുക്കുമെന്നാണ് പറഞ്ഞത് .എന്നാൽ വസ്തു കച്ചവടവുമായി ബന്ധപ്പെട്ട നിരവധി പേരുമായി ബന്ധമുള്ള പരാതിക്കാരനായ ഇരയെ എസ്ഐയും മൂവർ സംഘവും ചേർന്നു നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു .ഭീഷണി മൂലമുണ്ടായ മാനസിക സമ്മർദ്ദം താങ്ങാനാകാതെ അത്യാഹിത വിഭാഗത്തിൽ പരാതിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും എസ് ഐ യും ടൈഗറും ഇദ്ദേഹത്തെ തേടിയെത്തി ഭീഷണി തുടർന്നു .
കേസിന്റെ അന്വേഷണത്തിന് വാഹനം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു മൂവർ സംഘത്തിലെ പ്രധാനിയുടെ വാഹനത്തിന്റെ ടയറുകളും ഇദ്ദേഹത്തിന് മാറ്റി നൽകേണ്ടി വന്നു. തുടർന്നും പലപല ആവശ്യങ്ങൾക്കായി നിരവധി തവണ പരാതിക്കാരനിൽ നിന്നും ഇവർ പണം വാങ്ങിച്ചുകൊണ്ടിരുന്നു .തുടർന്ന് വലിയ പണം ആവശ്യപ്പെട്ടതോടെയാണ് ഒരു സാമൂഹിക പ്രവർത്തകന്റെ സഹായം പരാതിക്കാരൻ തേടുകയും സംഭവം തുറന്നു പറയുകയും ചെയ്തത് .
തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകാൻ തീരുമാനിച്ചു.ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിവൈഎസ്പിയെ അറിയിച്ചപ്പോൾ ഡിവൈഎസ്പി നേരിട്ട് മൂവർ സംഘത്തിലെ പ്രധാനിയായ ടൈഗറുടെ വീട്ടിലെത്തി സംസാരിച്ചു . തുടർന്ന് മൂവർ സംഘത്തിലെ പ്രധാന യോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനും ഡിവൈഎസ്പി നിർദ്ദേശിച്ചു.ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് നൽകി ഒത്തുതീർപ്പിലെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്.ഇന്നലെ തിങ്കളാഴ്ച പണം തിരിച്ചു നൽകുമെന്ന് ഡിവൈഎസ്പി പരാതിക്കാരന് ഉറപ്പു നൽകുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ ഡിവൈഎസ്പി ഫോൺ വിളിച്ചു പരാതിക്കാരന് അഞ്ചു മണിക്ക് മുമ്പായി പണം തിരിച്ചു നൽകുമെന്നും ഒരു വക്കീൽ മുഖാന്തരം ഇടപാടുകൾ തീർക്കണമെന്നും അറിയിക്കുകയുണ്ടായി.എന്നാൽ ഇതിന് പരാതിക്കാരൻ വഴങ്ങിയില്ല.സംഭവവികാസങ്ങൾ നടന്ന ഇന്നലെ തിങ്കളാഴ്ച എസ് ഐ നിരന്തരം പരാതിക്കാരനെ വിളിച്ച് ഒത്തുതീർപ്പിലെത്താൻ നിർദ്ദേശം നൽകുന്നുണ്ടായിരുന്നു.ഒടുവിൽ പരാതിക്കാരന്റെ അനുജൻ ടൈഗറിന്റെ ആവശ്യപ്രകാരം ബേക്കൽ ഹദ്ദാദിൽ എത്തുകയും ടൈഗറിന്റെ വർണ്ണ കാറിൽ വച്ച് രണ്ടുമണിക്കൂറോളം സന്ധി സംഭാഷണത്തിൽ ഏർപ്പെട്ടു .തുടർന്ന് ഒന്നര ലക്ഷം രൂപ രാത്രി എട്ടുമണിയോടെ പരാതിക്കാരന് ടൈഗർ കൈമാറുകയും ചെയ്തു.കൈക്കൂലി ആണെന്ന് പറഞ്ഞു വാങ്ങിച്ച ബാക്കി മൂന്നു ലക്ഷം രൂപ മൂവർ സംഘത്തിലെ പ്രധാനപ്പെട്ട വ്യക്തി എറണാകുളത്തു നിന്നും തിരിച്ചു വന്നാൽ നൽകാമെന്ന് വ്യവസ്ഥയും ഉണ്ടാക്കി .
ഇടതുമുന്നണി ഘടക കക്ഷിയിൽപ്പെട്ടയാളെന്ന് അവകാശപ്പെടുന്ന ടൈഗർ നേരത്തെ നിരവധി വിവാദങ്ങളിൽ അകപ്പെട്ട വ്യക്തിയാണ്. മാത്രമല്ല ഇയാൾ സമാന രീതിയിൽ മൂന്നോളം വ്യക്തികളെ ബ്ലാക്ക് മെയിലിന് ഇരയാക്കി എന്നും സൂചന പുറത്തുവരുന്നുണ്ട് . എന്നാൽ വിദ്വാൻ ബേക്കൽ സ്വദേശി അല്ല എന്നും ഇവിടെ വന്ന് താമസക്കാരൻ ആയതൊന്നും ഓരോ സംഭവം ഒന്നും പുറത്തു വരുമ്പോഴും ബേക്കൽ എന്ന പേര് വരാൻ തുടങ്ങിയത് വലിയ നാണക്കേടാണെന്ന് നാട്ടുകാരും പറയുന്നുണ്ട് . അസുഖബാധിതനായി വിശ്രമത്തിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ പേരും വിദ്വാൻ തട്ടിപ്പിൽ വലിച്ചിഴയ്ക്കപ്പെട്ടു. സംഭവമായി ഡിവൈഎസ്പിക്ക് യാതൊരുവിധ ബന്ധവുമില്ലാ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് .
എൻഡോസൾഫാൻ ഇരകൾ ഉൾപ്പെടെ നിരവധി പേരുടെ പരാതിക്ക് ഇടയാക്കിയ സംഭവമാണ് കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പണയത്തട്ടിപ്പിലെ സ്വർണ്ണ ഇടപാട്.ഈ കേസിൽ മൂന്നുപേർ അറസ്റ്റിലായെങ്കിലും മുഖ്യപതി ഇപ്പോഴും ഒളിവിൽ തന്നെയാണ്.മുഖ്യ പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ചിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നുള്ളതിന് ഇനി മറ്റൊരു തെളിവ് ആവശ്യമില്ല.രണ്ടു മുതിർന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേര് ഉപയോഗപ്പെടുത്തിയ സംഭവത്തിൽ പരാതിക്കാരൻ നേരിട്ട് ഡിവൈഎസ്പിയെ കണ്ടിട്ടും എന്തുകൊണ്ട് കേസെടുത്തില്ല എന്നുള്ളത് കള്ളൻ കപ്പലിൽ തന്നെ ആയതുകൊണ്ടാണോ ?