ക്രിക്കറ്റ് കോച്ചിന്റെ പീഡനം: പരാതിക്കാരന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തെന്ന് സംശയം, സന്ദേശങ്ങൾ നീക്കി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് കോച്ച് മനുവിനെതിരായ പീഡനക്കേസില്‍ പരാതി നല്കിയ ആളുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി സംശയം. ക്രിക്കറ്റ് കോച്ച് മനുവിനെതിരേ പരാതി നല്കിയ ഒരു രക്ഷിതാവിന്റെ ഇ-മെയില്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തതായി സംശയിക്കുന്നത്. മനുവിനെതിരേ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും അയച്ച പരാതികളെല്ലാം ഇ-മെയില്‍നിന്ന് നീക്കംചെയ്തനിലയിലാണെന്ന് ഇദ്ദേഹം പ്രതികരിച്ചു.
കെ.സി.എ.യ്ക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ഇ-മെയില്‍ വഴി അയച്ച പരാതികളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ‘സെന്‍ഡ് മെയില്‍’ ഫോള്‍ഡറില്‍നിന്ന് ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ എല്ലാ ഇ-മെയിലുകളും ഡിലീറ്റ് ചെയ്തനിലയിലാണ്. ട്രാഷ് ഫോള്‍ഡറില്‍നിന്നും എല്ലാ മെയിലുകളും നീക്കംചെയ്തിട്ടുണ്ട്. മറ്റൊരു ഡിവൈസില്‍നിന്ന് ഇ-മെയില്‍ തുറന്നിട്ടാണ് ഇത് ചെയ്തതെന്നാണ് സംശയിക്കുന്നത്.
ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം പീഡിപ്പിച്ചതായാണ് മനുവിനെതിരായ പരാതി. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. ആറ് പരാതികളിലാണ് നിലവില്‍ മനുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കൂടുതല്‍പേര്‍ പ്രതിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.