കാസർകോട്: ബാർ അസോസിയേഷൻ കാവിവൽക്കരിച്ചതായും ഏകാധിപത്യമാണ് നടക്കുന്നതെന്നും അഭിഭാഷകൻ രാമ പാട്ടാളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.നേതൃത്വത്തിന്റെ കൊള്ളരുതായ്മകൾ ചോദ്യംചെയ്യുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ജുഡീഷ്യറിയെക്കുറിച്ച് ശരിയാംവിധം അറിയാത്തവരാണ് ഭാരവാഹികൾ.
ബിജെപി നേതൃത്വത്തിന് ഇക്കാര്യം അറിയാമെങ്കിലും മൗനം പാലിക്കുന്നു. കോടതികളിൽ മജിസ്ട്രേറ്റുമാർക്കും മുൻസിഫുമാർക്കും ജഡ്ജിമാർക്കും ശരിയായ രീതിയിൽ സ്വതന്ത്രമായി ജോലിചെയ്യാനാകാത്ത സ്ഥിതി വിശേഷത്തിലേക്കാണ് ബാർ അസോസിയേഷന്റെ പ്രവർത്തനം.അസോസിയേഷൻ പ്രസിഡന്റ് എ സി അശോക്കുമാർ ബിജെപി സഹായത്തോടെ കാസർകോട് ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. സെക്രട്ടറി കരുണാകരൻ നമ്പ്യാരാകട്ടെ ദേശീയ സഹകാരി ഭാരതിയുടെ സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്റ് ബാലകൃഷ്ണ ഷെട്ടി ബിജെപി സംസ്ഥാനകമ്മിറ്റി അംഗവുമാണ്. ഇത്തരത്തിൽ ബാർ അസോസിയേഷനെ പൂറണമായും ബിജെപിയുടെ വരുതിയിലാക്കിയെന്നും രാമ പാട്ടാളി പറഞ്ഞു. തനിക്കൊപ്പം ജോലിചെയ്തിരുന്ന ഗുമസ്തനെ അനുവാദമോ കൂടിയാലോചനയോ ഇല്ലാതെ അസോസിയേഷന്റെ ഗുമസ്തനാക്കിയതിനെ ചൊദ്യം ചെയ്തപ്പോഴും ധിക്കാര മറുപടിയാണ് ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായത്.
ഇത്തരത്തിൽ ഏകാധിപത്യ സമീപനത്തിലൂടെയും കാവിവൽക്കരണത്തിലൂടെയും അസോസിയേഷനെ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമാക്കുകയാണ് ഭാരവാഹികൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് സംഘപരിവാറും വിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു.തിരഞ്ഞെടുപ്പിൽ വിജയിച്ച സംഘപരിവാർ പാനലിന് മൃദു ഹിന്ദുവാദികളായ കോൺഗ്രസ്സുകാരും ജാതിപ്രാമാണികത ഉയർത്തിപ്പിടിക്കുന്ന അഭിഭാഷകരും വോട്ടുചെയ്തത് പരസ്യമായ രഹസ്യമാണ്.