സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ)അന്തരിച്ചു: വിട വാങ്ങിയത് നിരവധി മഹല്ലുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനും
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടിൽ. വൈകുന്നേരം അഞ്ചു മണിക്ക് മംഗളൂരു കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും. പരേതനായ താജുൽ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാൾ ഉൾപ്പെടെ കർണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്.
ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജിൽ നിന്നാണ് മതപഠനം പൂർത്തിയാക്കിയത്. മൂന്നു വർഷക്കാലം ഉള്ളാളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് കർണ്ണാടക പുത്തൂരിലെ കൂറത്ത് മഹല്ലിൽ സേവനം തുടർന്നു. ഇതോടെയാണ് കുറാ തങ്ങൾ എന്നറിയപ്പെടാൻ തുടങ്ങിയത്. നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുൽ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു. ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ഫസൽ എജുക്കേഷൻ സെന്റർ പ്രസിഡന്റ്, എട്ടിക്കുളം താജുൽ ഉലമ എജുക്കേഷൻ സെന്റർ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.