കാണുമ്പോൾ അലമാര, പക്ഷേ വാതിൽ തുറക്കുമ്പോൾ ബങ്കർ;ജമ്മുകാശ്മീരിൽ ഭീകരരുടെ ഒളിസങ്കേതം പുത്തൻ രീതിയിൽ
കുൽഗാം: ജമ്മു കാശ്മീരിലെ കുൽഗാമിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ചിനിഗാം ഫ്രിസാൽ മേഖലയിലെ വീട്ടിനുള്ളിലെ അലമാരയിൽ. കൊല്ലപ്പെട്ട എട്ട് ഭീകരരിൽ നാല് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരും ഈ അലമാരയിൽ പ്രത്യേകം തയ്യാറാക്കിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു.
ഭീകരരുടെ ഒളിത്താവളത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വീട്ടിലെ മുറിയിൽ നിൽക്കുന്നതും ഇതിൽ ഒരാൾ മുറിയിലെ അലമാര തുറക്കുന്നതും കാണാം. ഈ അലമാരയ്ക്കുള്ളിൽ കടക്കാനും അവിടെ ഇരിക്കാനും പ്രത്യേക സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണ് ഭീകരർ ഒളിച്ചിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
The four militants, who were killed in last night's encounter at Chinnigam, used to stay in this hideout at Chinnigam Frisal in Kashmir's Kulgam district. pic.twitter.com/euLk6QG6Le
— Ahmed Ali Fayyaz (@ahmedalifayyaz) July 7, 2024
ശനിയാഴ്ച കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സെെന്യം വധിച്ചത്. ജില്ലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സി ആർ പി സി സംഘവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോദേഗാം ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ പരിക്കേറ്റ ജവാൻ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഫ്രിസാൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ജവാൻ വീരമൃത്യു വരിച്ചത്.