കാസർകോട്ട് റെയിൽവെ ട്രാക്കിൽ കമ്പിച്ചുരുൾ പൊതി കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: കാസർകോട്, തളങ്കര റെയിൽവെ പാലത്തിൽ സംശയകരമായ സാഹചര്യത്തിൽ പൊതി കണ്ടെത്തി. വിവരമറിഞ്ഞ് ആർ.പി.എഫും റെയിൽവെ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചക്കാണ് റെയിൽവെ ട്രാക്കിൽ കടലാസ് പൊതി കാണപ്പെട്ടത്. കമ്പിച്ചുരുളുകളാണ് കടലാസ് പൊതിയിൽ ഉണ്ടായിരുന്നത്. ആരാണ് പൊതി കൊണ്ടുവെച്ചതെന്ന് വ്യക്തമല്ല. നേരത്തെ ജില്ലയിൽ വിവിധ ഇടങ്ങളിൽ റെയിൽവെ ട്രാക്കിൽ കല്ലും ഇരുമ്പ് കഷ്ണങ്ങളും കയറ്റി വെച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. അതിനാൽ കമ്പിച്ചുരുളുകൾ റെയിൽവെ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ട സംഭവം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.