തമിഴ്നാട്ടിലെ ബി എസ് പി നേതാവിനെ ബൈക്കിൽ എത്തിയ ആറംഗസംഘം നടുറോഡിൽ വെട്ടി കൊലപ്പെടുത്തി
ബിഎസ്പി തമിഴ്നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂർ സ്വദേശി ആംസ്ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. സെംബിയം പൊലീസ് അധികാരപരിധിയിലാണ് സംഭവം നടന്നത്. പെരമ്പൂരിൽ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടുകയായിരുന്നു. ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലറായ ആംസ്ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാർന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ പെരമ്പൂർ, സെമ്പിയം മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി തമിഴ്നാട് പൊലീസ് അറിയിച്ചു. എഐഎഡിഎംകെ നേതാക്കളും തമിഴ്നാട് ബിജെപിയും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും എം കെ സ്റ്റാലിന് മുഖ്യമന്ത്രിയായി ഇനി തുടരാൻ ധാർമികമായി ബുദ്ധിമുട്ടില്ലേയെന്ന് അദ്ദേഹം സ്വയം ചോദിക്കണമെന്നും തമിഴ്നാട് ബിജെപി നേതാവ് കെ അണ്ണാമലൈ ആഞ്ഞടിച്ചു.