മാനന്തവാടി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.കഴിഞ്ഞ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ചിരുന്ന വീട് തകർന്നത്. പുറംപോക്കിലായിരുന്നു സനിലിന്റെ വീട്. അതിനാൽത്തന്നെ ഇയാളുടെ കൈവശം രേഖകളൊന്നുമുണ്ടായിരുന്നില്ല. ലൈഫ് പദ്ധതി പോലുള്ളവ നടപ്പിലാക്കി തുടങ്ങിയപ്പോൾ കൃത്യമായ രേഖകൾ കൈവശമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വീട് കിട്ടിയത്.രണ്ടാം ഘട്ടത്തിൽ വീടും സ്ഥലവും നൽകാനുള്ളവരുടെ പട്ടികയിൽ സനിലിന്റെ പേര് ഉണ്ടായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അതേസമയം, അടിയന്തര ധനസഹായം ലഭിക്കാത്തതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ അരോപിച്ചു.