പനിബാധിച്ച് കാസർകോട് ജില്ലയിൽ ഒരാൾ കൂടി മരിച്ചു
കാസർകോട്: പനിബാധിച്ച് കാസർകോട് ജില്ലയിൽ ഒരാൾ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ,
പുണൂർ സ്വദേശിയും ഏഴാം മൈലിൽ താമസക്കാരനുമായ രാധാകൃഷ്ണൻ (55)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഡോക്ടറെ കാണാൻ എത്തിയതായിരുന്നു. വർഷങ്ങളായി കെ എസ് എഫ് ഇ ഏജന്റായ രാധാകൃഷ്ണൻ ഇരിയയിലെ ന്യൂസ് ഏജന്റ് കൂടിയാണ്. ഭാര്യ: രമ. രണ്ടു മക്കളുണ്ട്. പനിപടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാസർകോട് ജില്ലയിൽ വ്യാഴാഴ്ച ഒരു കുട്ടി മരിച്ചിരുന്നു. നീർച്ചാൽ, പുതുക്കോളി സ്വദേശിയും കാനറാ ബാങ്ക് കാസർകോട് ശാഖയിലെ ജീവനക്കാരനുമായ ഹരീഷിന്റെ മകൾ ഭൂമിക (നാല്) വ്യാഴാഴ്ചയാണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി മൂർച്ഛിച്ചിക്കുകയായിരുന്നു. തുടർന്ന് മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാൽ പുത്തൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ് മാതാവ്. കാർത്തിക സഹോദരിയാണ്.