ബംഗളുരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവും പിടികൂടി; മൂന്നു പേര് അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബംഗളുരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. പൂജപ്പുര സ്വദേശി അര്ജ്ജുന് (22), മേലാറന്നൂര്‍ സ്വദേശി വിമല്‍ രാജ് (22), ആര്യനാട് സ്വദേശി ഫക്തര്‍ ഫുല് മുഹമ്മിന്‍ (25) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബെംഗളുരു-തിരുവനന്തപുരം ദീര്‍ഘദൂര ബസ്സിലാണ് ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നത്. തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും കഴക്കൂട്ടം പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥിരം ലഹരി വില്പനക്കാരായ ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ബെംഗളൂരുവിലുണ്ടായിരുന്ന ഇവര്‍ മടങ്ങിയ വിവരം മനസ്സിലാക്കിയ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ പോലീസ് പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളില്‍നിന്ന് 100 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. വിപണിയില്‍ ഇതിന് മൂന്നര ലക്ഷത്തിലധികം രൂപ വിലവരും.